മുംബൈ: നടൻ നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം തനുശ്രീ ദത്ത കേസ് നൽകി. ആരോപണം ഉയർന്നതോടെ ഇത് നിഷേധിച്ച് നാനപടേക്കറും സംവിധായകൻ വിവേകും നടിക്കെതിരെ വക്കീൽ നോട്ടീസ് അയിച്ചിരുന്നു ഇതിന് പിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്.

2008ൽ ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് തനുശ്രീക്കു നേരേ പടേക്കർ മോശമായി പെരുമാറിയതെന്നായിരുന്നു ആരോപണം. ഇത് താൻ എതിർക്കുകയും സംവിധായകൻ വിവേകിനോട് പരാതി പറയുകയും ചെയ്തു. എന്നാൽ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമം നടത്തി. പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാൻ നിർബന്ധിക്കുകയും, വസ്ത്രം ഉരിയാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ താൻ സെറ്റിൽ നിന്നിറങ്ങി പോവുകയായിരുന്നു. ഇതിനു പിന്നാലെ പടേക്കറുടെ ആൾക്കാർ നടിയുടെ കാർ ആക്രമിക്കുകയും ചെയ്‌തെന്നും തനുശ്രീ വെളുപ്പെടുത്തിയിരുന്നു. ആക്രമങ്ങളുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ഈ സംഭവങ്ങൾ നേരത്തേ തനുശ്രീ പറഞ്ഞിട്ടുണ്ടെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. രണ്ടാഴ്ച മുൻപാണ് ആ നടൻ നാനാ പടേക്കറാണെന്ന് പറഞ്ഞത്. എന്നാൽ ആരോപണങ്ങൾ പാടെ തള്ളി പടേക്കറും വിവേകും നടിക്ക് നോട്ടീസയച്ചു. എന്നാൽ ബോളിവുഡ് താരങ്ങളുടെ പിന്തുണ തനുശ്രീക്കാണ്. ഇതിനു പിന്നാലെയാണ് ഇന്നലെ നടി പൊലീസ് കേസ് നൽകിയത്. ഇതോടെ പടേക്കറിനെതിരായ ആരോപണം പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.