ഡൽഹി: ലൈംഗിക പീഡനങ്ങളും അപമാനപ്പെടുത്തലുകളും സ്ത്രീകൾ വ്യാപകമായി തുറന്നുപറയാനിടയായ #meto ക്യാംപയിൻ വീണ്ടും സജീവമാകുന്നു.താൻ ലൈംഗിക അതിക്രമത്തിനിരയായി എന്ന് വെളിപ്പെടുത്തി ടിവി അവതാരകയും മോഡലും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി രംഗത്തെത്തിയതിന്റെ തൊട്ടുപിന്നാലെയാണ് അടുത്ത വെളിപ്പെടുത്തലും ഉണ്ടായിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ സിനിമാസെറ്റിൽ വച്ച് ഉപദ്രവിച്ച നടന്റെ പേര് തുറന്ന് പറഞ്ഞ് 'ആഷിഖ് ബനായ' നായിക തനുശ്രീ ദത്തയാണ് രംഗത്തെത്തിയത്. 

2009ൽ ഇറങ്ങിയ 'ഹോൺ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നാന പടേക്കറാണ് തന്നെ ഉപദ്രവിച്ചതെന്നാണ് തനുശ്രീ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമാമേഖലയിൽ വച്ച് താൻ മോശമായ പെരുമാറ്റത്തിന് ഇരയായി എന്ന് തനുശ്രീ ദത്ത നേരത്തെ പല തവണ പറഞ്ഞിരുന്നു. എന്നാൽ അത് ആരാണെന്ന കാര്യം നടി വ്യക്തമാക്കുന്നത് ഇതാദ്യമായാണ്. 'സൂം ടിവി'ക്ക് നൽകിയ അഭിമുഖത്തിലാണ് തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴി തുറന്നിരിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ച് സിനിമാ മേഖലയിൽ നിന്ന് കൂടുതൽ നടിമാർ കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തുമെന്നും സൂചനയുണ്ട്.

'അയാൾ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്. ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്. ഇതെല്ലാവർക്കും അറിയാം. എന്നാൽ ആരും ഇക്കാര്യം തുറന്ന് ചർച്ച ചെയ്യാറില്ല.'- തനുശ്രീ പറയുന്നു. നാന പടേക്കർ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമെന്നും എന്നാൽ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു. വലിയ നടന്മാരുൾപ്പെടെ ഇൻഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തിൽ മോശം സ്വഭാവമുള്ളവരെ സഹിക്കാൻ തയ്യാറുള്ളപ്പോൾ ഇന്ത്യൻ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അവസാനമുണ്ടാകില്ലെന്നും തനുശ്രീ ആരോപിക്കുന്നു.

'അക്ഷയ് കുമാർ നാന പടേക്കർക്കൊപ്പം കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒരു പിടി ചിത്രങ്ങൾ ചെയ്തു. രജനീകാന്ത് അദ്ദേഹത്തിന്റെ കാല എന്ന സിനിമയിൽ നാന പടേക്കർക്കൊപ്പം അഭിനയിച്ചു. മോശമാണെന്ന് ഉറപ്പുള്ളവരെ ഇത്തരത്തിൽ മഹാനടന്മാർ പോലും അംഗീകരിക്കുന്ന സാഹചര്യത്തിൽ എന്ത് മാറ്റം വരാനാണ്. ഇവരെപ്പറ്റിയൊക്കെ അണിയറയിൽ ഗോസിപ്പുകൾ ഉയരും എന്നാൽ ആരും ഇവർക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പി.ആർ ടീം അത്ര ശക്തമാണ്. ഗ്ലാമർ റോളുകൾ ചെയ്യുന്ന ഒരാൾ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിർബന്ധമാണെന്നും തനുശ്രീ പറയുന്നു.

'ഹോൺ ഒ.കെ' എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളിൽ അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റിൽ വച്ച് ഒരു നടൻ തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാൻ ഹഷ്മിയോടൊപ്പം അഭിനയിച്ച 'ആഷിഖ് ബനായ' എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്.