കോതമംഗലം: പുലിയൻപാറ പള്ളിക്ക് സമീപം ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിച്ചതിനെതിരെ സമരം ചെയ്തതിന് 70 പേർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തം.

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ നടന്നപ്പോൾ ഒരു നടപടിയും എടുക്കാതിരുന്ന പൊലീസ് പ്രതിഷേധ സമരം സംഘടിപ്പിച്ചപ്പോൾ കോവിഡ് ചട്ടം ലംഘിച്ചതായി കേസെടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലന്നാണ് വിശ്വാസികളുടെ പക്ഷം.

മാർച്ച് 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കവളങ്ങാട് പഞ്ചായത്ത്് ഓഫീസിനുമുന്നിൽ ടാർ മിക്സിങ് പ്ലാന്റ് അനുമതി നിഷേധിക്കണം എന്ന് ആവശ്യപ്പെട്ട് ആയിരത്തോളം പേർ പങ്കെടുത്ത പ്രതിഷേധ സമരം നടന്നത്. ടാർ മിക്സിങ് പ്ലാന്റ് ഉടമകളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കാനുള്ള പൊലീസിന്റെ ഗൂഢതന്ത്രമാണ് ഇതെന്നണ് പ്രതിഷേധക്കാരുടെ ആരോപണം.

പുലിയൻപാറ പള്ളി വികാരിയോട് പള്ളിയുടെ ആഭിമുഖ്യത്തിൽ സമരം നടന്നപ്പോൾ ഊന്നുകൽ സിഐ വളരെ മോശമായി പെരുമാറിയെന്നും സമരക്കാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ പൊലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സമരക്കാരുടെ തീരുമാനം.