സെൻസർ ബോർഡിന്റെ നടപടികളെ വെല്ലുവിളിച്ചെത്തിയ ടീസറാണ് ഇപ്പോൾ വാർത്തയിലാ താരം. ദേശീയ പുരസ്‌കാര ജേതാവായ രാം ആൻഡ്രിയ ജെർമിയയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ തരമണി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സെൻസർ ബോർഡിന്റെ കത്രിക വയ്‌പ്പിന് ടീസറിലൂടെ മറുപടി നല്കിയത്. ചിത്രത്തിൽ നായികാ കഥാപാത്രം മദ്യപിച്ചെത്തുന്നതും തുടർന്നുള്ള സംഭാഷണങ്ങളുമാണ് പഹലജ് നിഹലാനി അധ്യക്ഷനായ സെൻസർ ബോർഡ് വെട്ടിമാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ ടീസർ പുറത്ത് വന്നപ്പോഴാകട്ടെ സെൻസർ ബോർഡ് മ്യൂട്ടാക്കണമെന്ന് നിർദേശിച്ച ശബ്ദങ്ങൾ കേൾപ്പിച്ചും അല്ലാത്തവ മ്യൂട്ടു ചെയ്തുമാണ് പുറത്തിറക്കിയത്.രാത്രി തനിച്ചു പോകുന്ന ആൻഡ്രിയയ്ക്കുനേരെ അധിക്ഷേപവാക്കുകൾ ചൊരിയുന്ന യുവാക്കൾക്കെതിരെ പെൺകുട്ടി ശക്തമായി പ്രതികരിക്കുന്നതാണ് ടീസറിൽ കാണുന്നത്. മിക്ക ഡയലോഗുകളും മ്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ആൻഡ്രിയ പുരുഷന്മാർക്കുനേരെ ചൊരിയുന്ന വാക്കുകൾ (സെൻസർ ബോർഡ് മ്യൂട്ടുചെയ്യാൻ നിർദേശിച്ചവ) കൃത്യമായി കേൾപ്പിക്കുന്നുണ്ട്.

സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്കുണ്ടായ ദുരനുഭവം മുമ്പേ പരസ്യമാക്കിയാ യിരുന്നു.സിനിമയിൽ സ്ത്രീ മദ്യപിക്കുന്നതു കാണിക്കുന്നു എന്ന പേരിൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡിന്റെ നടപടിയെ പ്രത്യക്ഷമായി കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. മദ്യപിക്കുന്ന നായികയുടെ ചിത്രത്തിനൊപ്പം എ സർട്ടിഫിക്കറ്റു നൽകിയ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു.ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദേശീയ പുരസ്‌കാരം നേടിയ തങ്കമീൻകൾ എന്ന ചിത്രത്തിന് ശേഷം റാം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് തരമണി. മൂന്ന് വർഷമെടുത്താണ് റാം സിനിമ പൂർത്തിയാക്കിയത്. കേരളത്തിൽ ഉൾപ്പെടെ ഈ സിനിമ ചിത്രീകരിച്ചു. തരാമണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി പേരൻപ് എന്ന സിനിമയും റാം പൂർത്തിയാക്കി. തമിഴിൽ നവനിര ചിത്രങ്ങളുടെ ഭാഗമായിരുന്ന ജെഎസ്‌കെ എന്റർടെയിന്മെന്റാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധാനം.
.