കണ്ണുർ: കെ. റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്ക് കീഴ്‌പ്പെട്ടു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ വിഷയത്തിൽ ശശി തരൂരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആരായാലും പാർട്ടിക്ക് അതീതനായി പ്രവർത്തിക്കാൻ വിടില്ല. ശശി തരൂരുമായി ഏറെ ആത്മബന്ധം പുലർത്തുന്നയാളാണ് താൻ. എംപിയായിരുന്ന കാലത്ത് വിവിധ വിഷയങ്ങളിൽ അദ്ദേഹത്തെ പിൻതുണച്ചയാളാണ് പാർട്ടിക്ക് വിധേയനായില്ലെങ്കിൽ ശശി തരൂർ പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹത്തോട് മറുപടി എഴുതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിൽ വ്യക്തതയില്ലെന്ന് ശശി തരൂർ എം പി നേരത്തെ പ്രതികരിച്ചിരുന്നു. പദ്ധതിയെ കുറിച്ചുള്ള ആശങ്ക കേന്ദ്രം പരിഹരിക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാട് അറിയാൻ താൻ ശ്രമിക്കുകയാണ് എന്നും വിഷയത്തിൽ സുതാര്യമായ ചർച്ചകൾ നടക്കണമെന്നും തരൂർ പറഞ്ഞിരുന്നു. കെ റെയിലിൽ അതിന് അപ്പുറത്തേക്ക് നിലപാട് വിശദീകരിച്ചിട്ടില്ല ശശിതരൂർ. ഈ സാഹചര്യത്തിലാണ് സുധാകരൻ നിലപാട് വിശദീകരിക്കുന്നത്.

കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും ശശി തരൂരും ഇരു തട്ടുകളിലാണ്. സർക്കാറിന് പറയാനുള്ളത് കേൾക്കാതെ പദ്ധതിയെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ആശയപരമായി എതിർഭാഗത്തുള്ളവർ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിർക്കുകയെന്ന നിലപാട് ശരിയല്ലെന്നാണ് തരൂർ പറഞ്ഞത്. ശശി തരൂരിന്റെ നിലപാടിനെതിരെ നിരവധി പേർ രംഗത്ത് വന്നു.കെ-റെയിൽ പ്രശ്നത്തിൽ യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്കയച്ച കത്തിൽ ശശി തരൂർ ഒപ്പ് വച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുധാകരൻ നിലപാട് വിശദീകരിക്കുന്നത്.

പിണറായി സർക്കാരിനെതിരേയും സുധാകരൻ കടന്നാക്രമിച്ചു. കേരളത്തിൽ പൊലിസ് സംവിധാനം തകർന്നു തരിപ്പണമായെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. പൊലിസിന്റെ ഇന്റലിജൻസ് സംവിധാനം തകർന്നിരിക്കുകയാണ്.ഈ ഗവൺമെന്റിന് കെ റെയിൽ നടപ്പിലാക്കി കമ്മിഷൻ അടിക്കാനാണ് സർക്കാരിന് താൽപ്പര്യം കേരളത്തിന് പൊലിസിന് ആർജ്ജവം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇതിന് ഞാൻ ചൊലിസിനെ കുറ്റം പറയില്ല. ഭരിക്കുന്ന സർക്കാരാണ് ഉത്തരവാദി' പൊലിസിൽ സിപിഎം ഫ്രാക്ഷൻ സംവിധാനമാണ് നടപ്പിലാക്കുന്നത്. ഇതു കാരണം പൊലിസ് സംവിധാനം ദുർബലമായിരിക്കുകയാണ്.

എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു ശേഷം ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുമെന്നു എല്ലാവർക്കും അറിയാമായിരുന്നു. ആലപ്പുഴയിൽ ബി.ജ.പി നേതാവിന്റെ വീട്ടിലേക്ക് ആറു ബൈക്കുകളിലായി കൊലപാതക തലേന്നു പോയത് അവിടത്തെ കച്ചവടക്കാർക്കു മറിയാമായിരുന്നു പിറ്റേന്നു എന്തൊക്കയോ സംഭവിക്കാൻ പോവുകയാണെന്നു എല്ലാവർക്കുമറിയാമായിട്ടും പൊലിസിന് തടയാൻ കഴിഞ്ഞിട്ടില്ല. എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിനു പകരം അവർ തിരിച്ചടിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നിട്ടും പൊലിസ് ഇന്റലിജൻസ് സംവിധാനം അറിഞ്ഞിട്ടില്ല.

പിണറായി ഭരണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്.ഇതിൽ എല്ലാ പാർട്ടിക്കാരുമുണ്ട് കൂടുതൽ പ്രതിസ്ഥാനത്തുള്ളത് സിപിഎം പ്രവർത്തകരാണ്. കേരളത്തിൽ വർഗീയ ശക്തികളുടെ വോട്ടു വാങ്ങിയാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്. എസ്.ഡി.പി.ഐയും ബിജെപിയുമായി പലയിടങ്ങളിൽ സിപിഎം കൂട്ടുകൂടിയെന്നും സുധാകരൻ പറഞ്ഞു.