ന്യൂഡൽഹി: ബിജെപി നേതാവ് തരുൺ വിജയ് ദക്ഷിണേന്ത്യക്കാരെ വംശീയമായി അപമാനിച്ചതിൽ പ്രതിഷേധിച്ച് ലോകസഭയിൽ ബഹളം. പാർലമെന്റിലെ ചോദ്യോത്തര വേളയിൽ തരുൺ വിജയിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസാണ് രംഗത്തിറങ്ങിയത്. 

വിവാദ പ്രസ്തവാനയിൽ തരുൺ വിജയ് മാപ്പ് പറയണമെന്ന് കോൺഗ്രസ് എംപിമാർ ആവശ്യപ്പെട്ടു. തുടർന്ന് സഭാംഗങ്ങൾ ലോകസഭ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചു.

ഇതേത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മല്ലികാർജ്ജുന ഖാർഗെ തരുൺ വിജയ് സിങ്ങിനെയും ബിജെപിയേയും കടുത്ത ഭാഷയിൽ വിമർശിച്ചു.

ബിജെപി ദക്ഷിണേന്ത്യക്കാരെ ഇന്ത്യക്കാരായി കാണുന്നില്ലേ? തരുൺ വിജയിയുടെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത് ബിജെപിയുടെ നിലപാടാണെന്ന് ഖാർഗെ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണോ നിങ്ങളുടെ ഉദ്ദേശ്യം. നടപടിയെടുക്കാത്ത പക്ഷം പാർലമെന്റിനകത്തു മാത്രമല്ല പുറത്തും തങ്ങൾക്ക് ബഹളം ഉണ്ടാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതൊതു മതേതര രാജ്യമാണെന്നും ജാതിയുടെയോ, മതത്തിന്റെയോ പേരിൽ ഒരു തരത്തിലുള്ള വിവേചനവും ഇവിടെ നടക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മറുപടി നൽകി.

അൽ ജസീറ ചാനലിലെ ചർച്ചയിൽ തങ്ങൾ വംശീയവിദ്വേഷമുള്ളവരാണെങ്കിൽ ദക്ഷിണേന്ത്യക്കാരായ കറുത്തവരോടൊപ്പം എങ്ങനെ ജീവിക്കുമെന്ന മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ തരുൺ വിജയ് പറഞ്ഞിരുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.