ന്യൂഡൽഹി: ശബരിമലയിൽ സന്ദർശനം നടത്താനുള്ള ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തിൽ വനിതാ ആക്ടിവിസ്റ്റുകൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. ശബരിമല കയറാൻ വനിതാ ആക്ടിവിസ്റ്റുകൾക്ക് എന്തിനാണ് ഇത്ര ആവേശമെന്ന് തസ്ലീമ നസ്രീൻ ചോദിച്ചു. ഇതിന് പകരം അവർ പോകേണ്ടത് ഗ്രാമങ്ങളിലാണ്. അവിടെ ഗാർഹിക പീഡനവും, ബലാൽസംഗവും, ലൈംഗിക പീഡനവും, വെറുപ്പും, വിദ്വേഷവും, മൂലം സ്ത്രീകൾ വലയുകയാണ്. വിദ്യാഭ്യാസത്തിനോ, ആരോഗ്യസംരക്ഷണത്തിനോ, ജോലിക്കോ, തുല്യവേതനത്തിനോ വഴിയില്ലാതെ പെൺകുട്ടികൾ ദുരതത്തിലാണ്. അവിടയല്ലേ ഈ ആക്ടിവിസ്റ്റുകൾ പോകേണ്ടത്? തസ്ലീമ ചോദിച്ചു.

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് നേരത്തെ സ്ലീമ നസ്രീൻ ആവശ്യപ്പെട്ടിരുന്നു. മുത്തലാഖുമായി ബന്ധപ്പെട്ട് അലഹബാദ് കോടതി വിധിയിൽ പ്രതികരിക്കുന്നതിനിടയിലാണ് തസ്ലീമ ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരെ നടക്കുന്ന സമരങ്ങളെയും അവർ പിന്നീട് വിമർശിച്ചു. തനിക്ക് 56 വയസായി. ശബരിമലയിൽ കയറാൻ പറ്റുമോ? എന്നാണ് തസ്ലീമ ട്വിറ്ററിൽ ചോദിച്ചത്. താൻ നിരീശ്വരവാദിയാണെന്നും തസ്ലീമ ട്വീറ്റ് ചെയ്തിരുന്നു.

മതതീവ്രവാദികളുടെ വധഭീഷണി കാരണം ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലും യു.എസിലും യൂറോപ്പിലുമായി താമസിക്കുകയാണ് തസ്ലീമ. മതത്തിലും സമൂഹത്തിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകളെ എഴുത്തിലൂടെ തുറന്നെതിർക്കുന്നത് തുടരുകയാണ് തസ്ലീമ.

ഇന്ത്യ ഏറെ സഹിഷ്ണുതയുള്ള രാജ്യമാണെന്നും തീവ്രവാദം എല്ലാ മതവിഭാഗങ്ങളിലുമുണ്ടെന്നും തസ്ലീമ നസ്രീൻ പറഞ്ഞു. ഇന്ത്യയിൽ കഴിയുകയായിരുന്ന തസ്ലീമയുടെ താമസാനുമതി 2014-ൽ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്നാണ് അമേരിക്കയിലേക്ക് താമസം മാറ്റിയത്.