പ്രതിസന്ധിയിലായ ബ്രിട്ടനെ രക്ഷിക്കാൻ വമ്പൻ നിക്ഷേപപദ്ധതികളുമായി ടാറ്റ രംഗത്ത്. ജഗ്വാറും ലാൻഡ്‌റോവറും ഏറ്റെടുത്ത് ബ്രിട്ടനിലെ ഏറ്റവും വലിയ കാർനിർമ്മാതാക്കളായി മാറിയ ടാറ്റ ഇലക്ട്രിക് കാർ നിർണാണ രംഗത്തേയ്ക്ക് കടക്കുന്നതോടെയാണ് ഈ പദ്ധതികൾ നടപ്പിലാവുക. ഹരിതനയത്തിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുയെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഹരിത സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ 39 കോടി പൗണ്ട് വകയിരുത്തിയിട്ടുണ്ട്.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎൽആർ ആണ് ബ്രിട്ടനിലെ ഏറ്റവും വലിയ കാർനിർമ്മാതാക്കൾ. കഴിഞ്ഞവർഷം പുറത്തിറങ്ങിയ 16 ലക്ഷം കാറുകളിൽ മൂന്നിലൊന്നും ടാറ്റയുടേതായിരുന്നു. ഈമാസമാദ്യം ലോസെയ്ഞ്ചൽസിൽ നടന്ന പ്രദർശനത്തിൽ ജെഎൽആർ ആദ്യ ഇലക്ട്രിക് കാർ പ്രദർശിപ്പിച്ചു. ഐ-പേസ് എന്ന ഈ കാർ നിർമ്മിക്കുന്നത് ഓസ്ട്രിയയിലാണ്.

ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതോടെ, ഇപ്പോഴത്തേതിന്റെ ഇരട്ടി കാറുകൾ 2020-ഒാടെ പുറത്തിറക്കുകയെന്ന ലക്ഷ്യം ടാറ്റ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴേക്കും ഉപയോഗത്തിലുള്ള കാറുകളുടെ 40 ശതമാനവും ഇലക്ട്രിക് കാറുകളാകുമെന്നും ജെഎൽആർ കരുതുന്നു. ഓസ്ട്രിയയിൽനിന്ന് ബ്രിട്ടനിലേക്ക് നിർമ്മാണ യൂണിറ്റ് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ജെഎൽആർ ചീഫ് എക്‌സിക്യുട്ടീവ് റാൽഫ് സ്‌പേത് പറഞ്ഞു. വെസ്റ്റ് മിഡ്‌ലൻഡ്‌സിലാണ് ടാറ്റയുടെ ബ്രിട്ടനിലെ കേന്ദ്രം.

എന്നാൽ, ഇതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ മറ്റുയൂറോപ്യൻ രാജ്യങ്ങളുമായി കടുത്ത മത്സരം തന്നെ ബ്രിട്ടന് നടത്തേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജർമനി അടക്കമുള്ള രാജ്യങ്ങൾ ഇലക്ട്രിക് കാർ നിർമ്മാണത്തിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയെ ബ്രിട്ടൻ കൈവിടാൻ തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബ്രിട്ടനിലെ ഭാരിച്ച ചെലവുകളാണ് വിഘാതമായി നിൽക്കുന്നത്.