ലണ്ടൻ: ഉത്പന്ന വിപണിയിൽ ഇന്ത്യ ഇപ്പോഴും എത്രത്തോളം പിന്നോക്കം നിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഇക്കൊല്ലത്തെ ഇന്റർബ്രാൻഡ് ടോപ്പ് 100 പട്ടികയും. ലോകത്തെ വിലപിടിപ്പുള്ള 100 ബ്രാൻഡുകളിൽ ഒന്നുപോലും ഇന്ത്യയിൽ നിന്നുള്ളതല്ല. ആകെയൊരാശ്വാസം ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ ലാൻഡ് റോവർ 91-ാം സ്ഥാനത്ത് നിൽക്കുന്നു എന്നതുമാത്രമാണ്. ടാറ്റയുടെ ഉടമസ്ഥാവകാശം എന്നതൊഴിച്ചാൽ, ഈ കാറും വിദേശിതന്നെ.

ആപ്പിളാണ് ഇക്കൊല്ലവും ഒന്നാം സ്ഥാനത്ത്. ഐഫോൺ, മാക് കമ്പ്യൂട്ടറുകൾ, ഐപാഡ്, ഐപോഡ് എന്നിവയുടെ നിർമ്മാതാക്കളായ ആപ്പിളിന്റെ വിപണി മൂല്യം 11900 കോടി യു.എസ്.ഡോളറാണ്. ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളാണ് രണ്ടാം സ്ഥാനത്ത്(10700 കോടി യു.എസ്.ഡോളർ). 91-ാം സ്ഥാനത്തുള്ള ലാൻഡ് റോവറിന്റെ വിപണി മൂല്യം 447 കോടി യു.എസ്.ഡോളറാണ്.

100 ബില്യൺ യു.എസ്.ഡോളറിനുമേൽ വിപണി മൂല്യമുള്ള രണ്ട് ബ്രാൻഡുകളേ ഇന്ന് ലോകത്തുള്ളൂവെന്ന് പട്ടിക തെളിയിക്കുന്നു. ആപ്പിളും ഗൂഗിളും മാത്രമാണത്. ഇന്ത്യയിൽനിന്ന് ലാൻഡ് റോവർ മാത്രമേ ആദ്യ നൂറിൽ ഉള്ളൂവെങ്കിലും, ഇന്ത്യക്കാർ നയിക്കുന്ന ആറ് കമ്പനികൾ ഈ പട്ടികയിലുണ്ട്. സത്യ നദേല്ല നയിക്കുന്ന മൈക്രോസോഫ്റ്റ് 6100 കോടി ഡോളർ വിപണി മൂല്യത്തോടെ ആറാം സ്ഥാനത്തുണ്ട്. ഇന്ദ്ര നൂയിയുടെ പെപ്‌സി 24-ാം സ്ഥാനത്താണ് (1900 കോടി). ശന്തനു നാരായണൻ തലവനായുള്ള അഡോബി 77-ാം സ്ഥാനത്തും (530 കോടി) അജയ് ബംഗ നയിക്കുന്ന മാസ്റ്റർകാർഡ് 88-ാം സ്ഥാനത്തുമുണ്ട് (470 കോടി). ഇന്ത്യൻ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സിന് ആധിപത്യമുള്ള ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോയുടെ രണ്ട് ബ്രാൻഡുകൾ ആദ്യ നൂറിലുണ്ട്. സ്മിർണോഫ് വോഡ്ക 34-ാം സ്ഥാനത്തും (1300 കോടി) ജോണി വാക്കർ 86-ാം സ്ഥാനത്തും (480 കോടി).

ആപ്പിൾ, ഗൂഗിൾ, കൊക്ക കോള, ഐ.ബി.എം, മൈക്രോസോഫ്റ്റ്, ജിഇ, സാംസങ്, ടൊയോട്ട, മക്‌ഡൊണാൾഡ്, മെഴ്‌സിഡസ് ബെൻസ് എന്നിവയാണ് പട്ടികയിലെ ആദ്യ പത്തുസ്ഥാനങ്ങളിലുള്ള ബ്രാൻഡുകൾ. ഇതിൽ ആപ്പിളിന്റെ ബ്രാൻഡ് വാല്യു ഇക്കൊല്ലം 21 ശതമാനം വർധിച്ചു. ഗൂഗിളിന്റേത് 15 ശതമാനവും കൊക്ക കോളയുടേത് മൂന്നുശതമാനവും.