- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സംരക്ഷിക്കാൻ ബിജെപിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരുണ്ടാകും; നെയ്യാറ്റിൻകരയിലെ രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നും കെ സുരേന്ദ്രൻ; ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നിൽക്കുകയും ചെയ്യുന്ന സർക്കാരെന്നും കുറ്റപ്പെടുത്തൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഭരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സ്വന്തം കുടുംബം പോലെ സംരക്ഷിക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നിൽക്കുകയും ചെയ്യുകയാണ് സർക്കാർ എന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികൾക്ക് മാതാ-പിതാക്കളെ ഇല്ലാതാക്കിയ സർക്കാർ ഇപ്പോൾ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നിൽക്കുകയുമാണ്. ഹൈക്കോടതിയിൽ നിന്ന് മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാൻ ശ്രമിച്ചത്.
ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണം. മനുഷ്യത്വമില്ലാത്ത സർക്കാരാണ് പിണറായി വിജയന്റേതെന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണം.
രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം മാത്രമല്ല അവരുടെ കുടുംബം അനാഥമാക്കിയവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റങ്ങളും പിവി അൻവറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും ഒന്നും ചെയ്യാൻ കഴിയാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവെച്ച പാവങ്ങളുടെ കുടുംബം ഇല്ലാതാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, നെയ്യാറ്റിൻകരയിൽ പ്രതിഷേധം തുടരുകയാണ്. ജീവൻ നഷ്ടപ്പെട്ട ദമ്പതികളുടെ മക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിക്കുന്നത്. പൊള്ളലേറ്റു മരിച്ച അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആമ്പുലൻസ് തടഞ്ഞുവച്ചാണ് പ്രതിഷേധം. കുട്ടികളിൽ ഒരാൾക്ക് സർക്കാർ ജോലി, കുടുംബത്തിന് അടിയന്തരമായി ധനസഹായം, സ്ഥലം പേരിലാക്കി അവിടെ വീട് നിർമ്മിച്ച് നൽകണം ദമ്പതികൾ പൊള്ളലേറ്റ് മരിക്കാൻ കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തഹസീൽദാർ വാക്കാൽ ഉറപ്പ് നൽകിയെങ്കിലും രേഖപ്രകാരം നൽകണമെന്നാണ് ആവശ്യം.
ദമ്പതികൾ മരിച്ച സംഭവത്തിൽ അയൽവാസി വസന്തയെ കസ്റ്റഡിയിൽ എടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ വസന്തയെ സ്ഥലത്തുനിന്നു മാറ്റാൻ സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർദ്ദേശിച്ചിരുന്നു. വസന്തയെ വീട്ടിൽനിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നു നാട്ടുകാരിൽ ചിലർ നിലപാടെടുത്തു. വസന്തയെ മാറ്റാൻ വൈകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ചോറുകഴിക്കാൻ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പൊലീസെന്ന ആക്രോശങ്ങളുയർന്നു.
മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങിൽ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. 2 മാസം മുൻപ് കോടതിയിൽനിന്ന് ഒഴിപ്പിക്കാൻ ആളെത്തിയെങ്കിലും രാജൻ വിസമ്മതിച്ചു. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജൻ തലയിലൂടെ പെട്രോൾ ഒഴിച്ചതും, അപകടമുണ്ടായതും. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
പൊലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തുതന്നെ മക്കൾ നടത്തിയിരുന്നു അമ്പിളിയുടെ സംസ്‌കാരവും ഇതേ സ്ഥലത്തു നടത്തും. അതേസമയം, ഔചിത്യ ബോധം ഇല്ലാത്ത ഒഴിപ്പിക്കൽ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂർണസംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപി റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കുട്ടികൾക്ക് വീടുവച്ചു കൊടുക്കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഒഴിപ്പിക്കൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോന്നും സർക്കാർ പരിശോധിക്കും. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടൈ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് രാജന്റെ ശരീരത്തിലേക്ക് തീപടർന്നത്. ആത്മഹത്യ അല്ലെന്ന് സഹോദരി ആരോപിച്ചിരുന്നു.
മറുനാടന് ഡെസ്ക്