ടാറ്റൂ കുത്തിയ ഉടൻ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും ഇല്ലെങ്കിൽ ശരീരം തിന്നുന്ന അപകടകാരികളായ ബാക്ടീരിയകൾ നിങ്ങളുടെ ജീവനെടുത്തേക്കാമെന്നും ഏറ്റവും പുതിയ മുന്നറിയിപ്പ്. ടാറ്റൂ കുത്തിയ ശേഷം രണ്ടാഴ്ച തികയുന്നതിന് മുമ്പ് കടലിൽ ഇറങ്ങിയ 31കാരനായ ഹിസ്പാനിയൻ യുവാവിന് സംഭവിച്ച അകാലമരണം ഏവർക്കും ഒരു താക്കീതായി മാറിയിരിക്കുകയാണ്. കടലിൽ ഇറങ്ങിക്കുളിച്ച ഈ പേര് വെളിപ്പെടുത്താത്ത യുവാവിന്റെ ടാറ്റൂ വ്രണം ഈ ബാക്ടീരിയാ ബാധയാൽ അഴുകാൻ തുടങ്ങുകയും പിന്നീട് ഇത് ഒരിക്കലും ഉണങ്ങാത്തതിനെ തുടർന്ന് ഇയാൾ മരിക്കുകയുമായിരുന്നു.ഈ യുവാവിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

അതിനാൽ പുതുതായി ടാറ്റൂ കുത്തിയവർ രണ്ടാഴ്ച തികയുന്നതിന് മുമ്പ് ജലാശയങ്ങളിൽ ഇറങ്ങിക്കുളിക്കരുതെന്ന മുന്നറിയിപ്പ് ശക്തമായിട്ടുണ്ട്. തന്റെ വലത്തെ കാൽവെണ്ണയിൽ വിശ്വാസത്തിന്റെ ഭാഗമായുള്ള കുരിശ് ടാറ്റൂ കുത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷം ഈ യുവാവ് ഗൾഫ് ഓഫ് മെക്സിക്കോയിൽ ഇറങ്ങിയതിനെ തുടർന്നാണ് ബാക്ടീരിയ ബാധയേറ്റ് മരിച്ചിരിക്കുന്നത്. ഉണങ്ങാതിരുന്ന ടാറ്റൂ മുറിവിൽ മാംസഭോജിയായ ബാക്ടീരിയ ബാധിക്കുകയും അത് മൂലമുള്ള അഴുകലിനെ തുടർന്ന് ഇയാൾ മരിക്കുകയുമായിരുന്നു. കടലിൽ ഇറങ്ങി നീന്തിയ അന്ന് തന്നെ ഇയാൾക്ക് കടുത്ത പനിയും കുളിരും ആരംഭിച്ചിരുന്നു. കൂടാതെ ടാറ്റൂ പതിച്ച ഭാഗത്തോട് ചേർന്ന് ചുവപ്പ് പാടുകളും ദൃശ്യമായിരുന്നു.

തുടർന്ന് ഇയാളുടെ നില രണ്ട് ദിവസത്തിനിടെ വഷളായി വരുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡോക്ടർമാർ ഇയാളുടെ കാലുകളിലെ മുറിവുകൾ കണ്ട് ആശങ്കപ്പെട്ടിരുന്നു. ഇവയുടെ നിറം അപ്പോഴേക്കും പർപ്പിൾ ആയി മാറുകയും ചെയ്തിരുന്നു. വിവിധ ഇൻഫെക്ഷനുകൾക്ക് അടിപ്പെടുന്ന മിക്ക മുറിവുകളുടെയും നിറം ഇത്തരത്തിൽ മാറാറുണ്ട്. ഇത് അപകടകാരിയായ വിബ്രിയോ വുൾനിഫികുസ് ബാക്ടീരിയ ആണെന്ന് ഡോക്ടർമാർക്ക് അപ്പോൾ തന്നെ സംശയം തോന്നുകയും ചെയ്തിരുന്നു. ദിവസവും ആറ് ബോട്ടിൽ ബീയർ കുടിക്കുന്ന ശീലമുള്ളതിനാൽ ഈ യുവാവിന് നേരത്തെ തന്നെ സിറോസിസ് ബാധിച്ചിരുന്നു. അത് അണുബാധയെ വഷളാക്കുകയും ചെയ്തിരുന്നു.

സിറോസിസ് ബാധിച്ച് ലിവർ ദുർബലമായതിനാൽ ഇയാൾക്ക് അണുബാധ എളുപ്പം ബാധിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. അപകടകാരിയായ ബാക്ടീരിയയെ ചെറുക്കാൻ യുവാവിന് ആന്റിബയോട്ടിക്കുകൾ നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലായി 24 മണിക്കൂറിനകം ഇയാളുടെ അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും തൽഫലമായി ഡോക്ടർമാർ ഇയാളെ ലൈഫ് സപ്പോർട്ട് മെഷീനിൽ കിടത്തുകയുമായിരുന്നു. എന്നാൽ ഇതുകൊണ്ടും ഫലമില്ലാതാവുകയും ബാക്ടീരിയ ബാധ അയാളെ കീഴ്പ്പെടുത്തി മരണത്തിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. 1979ലായിരുന്നു ഈ ബാക്ടീരിയയെ ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. ജലാശയങ്ങളിൽ നിന്നുമാണിത് ഉണങ്ങാത്ത മുറിവുകളിലൂടെ പടരുന്നത്.