കൊച്ചി: ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ് പി.എസ്. സുജീഷിനെതിരെ വിദേശ വനിതയുടെ പരാതിയിൽ പുതിയ കേസെടുക്കും. സ്പാനിഷ് വനിതയാണ് ഇമെയ്‌ലിലൂടെ കൊച്ചി പൊലീസിന് പരാതി നൽകിയത്. പരാതിയിൽ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്കായി വിദേശ വനിതയെ ഇമെയ്ൽ വഴി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

കൊച്ചിയിലെ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കേ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. 2019 ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. യൂത്ത് എക്‌സേ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളേജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. ടാറ്റു ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്റെ ഇടപ്പള്ളിയിലെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. മുറിയിൽ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്.

ഇതിനുശേഷം തന്റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയിൽ യുവതി പറയുന്നു. ശല്യം വർധിച്ചതോടെ സുഹൃത്തിന് മൊബൈൽ ഫോണിൽ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികൾ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തിൽനിന്ന് അറിഞ്ഞതിനെ തുടർന്നാണ് പരാതി നൽകാൻ വിദേശ വനിതയും തീരുമാനിച്ചത്. തുടർന്ന് ഇമെയിൽ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. വീഡിയോ കോൺഫറൻസിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക.

വിദേശ വനിത കൂടി പരാതി നൽകിയതോടെ സുജേഷിന് എതിരെ പരാതി നൽകിയവരുടെ എണ്ണം ഏഴായി. ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടയുടൻ സുജേഷ് ഒളിവിൽ പോയിരുന്നു. പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നൽകുന്നതിനായി അഭിഭാഷകനെ കാണാൻ വരുന്നതിനിടെ പൊലീസ് സുജേഷിനെ പിടികൂടുകയായിരുന്നു. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ഇൻക്‌ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി.

കൊച്ചി നഗരത്തിൽ ആലുൻചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങൽ ഇയാൾക്കുണ്ട്. രണ്ടിടത്തും പീഡനങ്ങൾ നടന്നുവെന്നാണ് പരാതി. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന 18കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അഞ്ച് യുവതികൾ കൂടി സമാന അനുഭവങ്ങൾ ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.