ന്യൂഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 220 കിമീ തെക്കു-തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് തെക്കു-തെക്കു പടിഞ്ഞാറു 590 കിമീയും തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 820 കിമീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 940 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 118 കി.മീ മുതൽ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളായ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അഥോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

കേരളത്തിൽ തീരദേശജില്ലകളിൽ രൂക്ഷമായ കടലാക്രമണം തുടരുകയാണ്. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടുക്കി മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്, ബാക്കി അഞ്ച് ജില്ലകിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തീവ്രമഴയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ കാറ്റും ഉണ്ടായി. അച്ചൻകോവിൽ, മണിമലയാറുകളിൽ പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകി. നീരൊഴുക്ക് വർധിച്ചതിനെ തുടർന്നു പത്തനംതിട്ടയിലെ മൂഴിയാർ അണക്കെട്ട് തുറന്നു.

തീരപ്രദേശത്ത് കടലാക്രമണം ശക്തമാണ്. എല്ലാ തീരദേശജില്ലകളിലും കടൽകയറ്റം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറെ വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. തീരദേശ റോഡുകൾക്കും വലിയ നാശനഷ്ടം ഉണ്ടായി. ഞായറാഴ്ച രാത്രിവരെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലയോരമേഖലയിലും തീരപ്രദേശത്തും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. ടൗട്ടെ ചുഴലിക്കാറ്റ് വരുന്ന 12 മണിക്കൂറിൽ അതി തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ഗോവ, മഹാരാഷ്ട്ര തീരത്ത് അപകടസാധ്യതാ മുന്നറിയിപ്പ് നൽകി. ഗുജറാത്തിലും ജാഗ്രതാ നിർദ്ദേശമുണ്ട്.

അഗത്തി വിമാനത്താവളം താൽക്കാലികമായി അടച്ചു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചുവെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

പ്രദേശത്തുനിന്ന് ചുഴലിക്കാറ്റ് കടന്നുപോയശേഷം വിമാനത്താവളം പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ പ്രതികൂലമായ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വെസ്റ്റേൺ റെയിൽവേ ട്രെയിനുകൾ റദ്ദാക്കി

അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് മെയ് 15 മുതൽ മെയ് 21 വരെ 60 ഓളം ട്രെയിനുകൾ റദ്ദാക്കുന്നതായി വെസ്റ്റേൺ റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചില ട്രെയിനുകൾ റദ്ദാക്കാനും യാത്രകൾ അവസാനിപ്പിക്കാനും തീരുമാനിച്ചുവെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.