മാഡ്രിഡ്: ഫുട്‌ബോൾ താരം ലയണൽ മെസിക്ക് 21 മാസം തടവുശിക്ഷ വിധിച്ചു. നികുതിവെട്ടിപ്പു കേസിലാണു മെസിക്കു തടവുശിക്ഷ വിധിച്ചത്. 20 ലക്ഷം യൂറോ പിഴയും വിധിച്ചിട്ടുണ്ട്.

സ്പാനിഷ് കോടതിയാണു വിധി പുറപ്പെടുവിച്ചത്. മെസിയുടെ അച്ഛനും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിലെ തോൽവിക്കു പിന്നാലെ വിടവാങ്ങൽ പ്രഖ്യാപിച്ച മെസിക്ക് തിരിച്ചടിയായിരിക്കുകയാണു കോടതിവിധിയും.

അതേസമയം, ജയിൽവാസത്തിൽ നിന്നു ഫുട്‌ബോൾ താരത്തിനു കോടതി ഇളവു നൽകിയേക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ടുവർഷത്തിൽ താഴെയുള്ള ശിക്ഷയ്ക്കു ജയിലിൽ പോകേണ്ടെന്നാണു സ്പാനിഷ് നിയമം. മേൽക്കോടതിയിൽ മെസിക്ക് അപ്പീൽ നൽകാനുള്ള അവസരവുമുണ്ട്.

നികുതിവെട്ടിപ്പു കേസിൽ തെളിവുകൾ സമർപ്പിക്കുന്നതിനായി നേരത്തെ ലയണൽ മെസ്സി കോടതിയിൽ ഹാജരായിരുന്നു. താരവും പിതാവ് ജോർജ് മെസ്സിയും ചേർന്ന് 40 ലക്ഷം യൂറോയിലധികം നികുതി വെട്ടിച്ചെന്നാണു കേസ്.

മെസ്സിയുടെ മുൻ നികുതി ഉപദേഷ്ടാക്കളും നേരത്തെ താരത്തിനായി കോടതിയിൽ ഹാജരായിരുന്നു. മെസ്സി തന്റെ സാമ്പത്തിക കാര്യങ്ങൾ ഒരിക്കലും സ്വയം കൈകാര്യം ചെയ്തിരുന്നില്ലെന്ന് അവർ കോടതിയെ അറിയിച്ചിട്ടുണ്ട്. പിതാവ് ജോർജ് മെസ്സിയാണു താരത്തിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും താരത്തിനു സാമ്പത്തികകാര്യങ്ങൾ സംബന്ധിച്ച് അറിവില്ലെന്നുമാണ് മെസ്സിയുടെ അഭിഭാഷകർ തുടക്കം മുതൽ വാദിച്ചത്. മെസിയെ കൂടാതെ ബാഴ്സലോണയിലെ സഹതാരങ്ങളായ നെയ്മറും മഷറാനോയും നികുതിവെട്ടിപ്പ് കേസിൽ ഉൾപ്പെട്ടിരുന്നു.