സാവോപോളോ: ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കോടതി നിർദ്ദേശം. നികുതി അടക്കുന്നതിൽ ക്രമക്കേട് കാട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബ്രസീൽ കോടതിയുടെ നിർദ്ദേശം.

31.3 മില്ല്യൺ പൗണ്ട് വില വരുന്ന സ്വത്തുക്കളാണ് മരവിപ്പിക്കുക. 2011 മുതൽ 2013 വരെയുള്ള കാലത്ത് 10.5 ദശലക്ഷം പൗണ്ടിന്റെ നികുതിയിൽ ക്രമക്കേടുകൾ കാട്ടിയെന്നാണ് കേസ്. സാവോപോളോയിലെ കോടതിയാണ് നെയ്മർക്കെതിരെ നടപടിയെടുത്തത്.

നെയ്മറുടെ വാഹനങ്ങളും വീടും കൈമാറ്റം ചെയ്യുന്നതിനും വിലക്കുണ്ട്. നെയ്മർ നികുതി അടക്കുന്നതിൽ ക്രമക്കേടുകൾ കാട്ടിയെന്ന് ആരോപണം നെയ്മറുടെ മാതാപിതാക്കൾ നിഷേധിച്ചിട്ടുണ്ട്. നെയ്മറുടെ വരുമാനം കണക്കാക്കിയതിൽ ജഡ്ജിക്ക് പറ്റിയ പിഴവാണ് ഇതിനു കാരണമെന്നാണ് അവർ പറയുന്നത്.

ബ്രസീലയൻ ക്ലബ്ബായ സാന്റോസിന്റെ താരമായിരുന്ന നെയ്മർ 2013 ജൂണിലാണ് ബാഴ്‌സിലോണയിലേക്ക് എത്തുന്നത്. രഹസ്യമായി നടന്ന ഇടപാട് അന്ന് വിവാദമായിരുന്നു.