മനാമ: നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തിന് അനുകൂലമായി ബഹ്‌റിനിലെ എംപിമാർ രംഗത്ത്. കൗൺസിലിന്റെ വീക്ക്‌ലി സെഷനിൽ എംപി അഹമ്മദ് അൽ അഹമ്മദ് സമർപ്പിച്ച നിർദ്ദേശത്തിന് അനുകൂലമായി ഭൂരിഭാഗം എംപിമാരും വോട്ട് ചെയ്താണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്.

ബഹ്‌റിനിൽ നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിനു വളരെ ചെറിയ ശതമാനം (0.51) ഫീസ് മാത്രമാണ് ഈടാക്കുന്നതെന്ന് അൽ അഹമ്മദ് പറഞ്ഞു. കണക്കുകളനുസരിച്ച് 2.5 ബില്ല്യൺ ദിനാറാണ് രാജ്യത്ത് നിന്ന് പുറത്തേക്ക് ഒഴുകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിർദ്ദേശം രാജ്യത്തെ വരുമാനം വർദ്ധിക്കുന്നതിനു സഹയകമായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഈ നിർദ്ദേശം ഷൂറാ കൗൺസിലും സർക്കാരും അംഗീകരിച്ചാൽ നിയമം പ്രബല്യത്തിൽ വരും.

എന്നാൽ നിർദേശത്തിന് കൂടുതൽ പിന്തുണ ലഭിച്ചതോടെ പ്രവാസി സമൂഹത്തിനിടയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്, ബഹറിനിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഓരോ തവണയും ഒരു ബിഡിയും കൈമാറ്റ നിരക്കിന് അനുസിരിച്ചുള്ള ചെലവ് വേറെയും വരും. നിർദേശ പ്രകാരം അയക്കുന്ന തുകയ്ക്ക് മുകളിൽ ഏർപ്പെടുത്തുന്ന ഒരു ശതമാനം നികുതി ഇടപാട് ചെലവ് ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തൊഴിലാളികളായവർക്ക് ചെലവ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും.