മനാമ: അടുത്ത വർഷം രാജ്യത്ത് പത്തു മുതൽ പതിനഞ്ചു ശതമാനം വരെ നികുതി വർധന ഉണ്ടാകുമെന്ന് എംപി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതിനെ തുടർന്ന് സമ്പദ് ഘടനയ്ക്ക് ശക്തി കൂട്ടുന്നതിനായി സർക്കാർ 300-ലധികം സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാർലമെന്റിന്റെ ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫേഴ്‌സ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ മുഹമ്മദ് അൽ അഹമ്മദ് ചൂണ്ടിക്കാട്ടി.

ഇതനുസരിച്ച് നിലവിലുള്ളവയുടെ വില വർധിപ്പിക്കുകയോ പബ്ലിക് സർവീസുകൾക്ക് ഫീസ് ഏർപ്പെടുത്തുകയോ ചെയ്യേണ്ടി വരുമെന്നും എംപി വ്യക്തമാക്കി. 300-ലധികം തീരുമാനങ്ങൾ ഒറ്റയടിക്ക് നടപ്പാക്കുമ്പോൾ അത് പൊതുജനങ്ങളിൽ അമിത ഭാരം സൃഷ്ടിക്കുമെന്നും അതിനു പകരം അടുത്ത വർഷം പത്തു മുതൽ 15 ശതമാനം വരെ നികുതി പബ്ലിക് സർവീസുകൾക്ക് വർധിപ്പിക്കേണ്ടി വരുമെന്നും എംപി അൽ അഹമ്മദ് വെളിപ്പെടുത്തി.

പാസ്‌പോർട്ട്, ഇമിഗ്രേഷൻ, ജുഡീഷ്യൽ സർവീസുകൾ, ഇലക്ട്രിസിറ്റി, വാട്ടർ തുടങ്ങിയവയ്ക്ക് കൂടുതൽ തുക അടുത്ത വർഷം മുതൽ നൽകേണ്ടി വരുമെന്ന് അൽ അഹമ്മദിനെ പിന്തുണച്ചു കൊണ്ട് കമ്മിറ്റിയംഗം അഹമ്മദ് ഖത്താരയും വ്യക്തമാക്കി. പൊതുജനങ്ങൾക്ക് അമിത ഭാരം ഏൽപ്പിക്കാതെ ഖജനാവിലേക്ക് കൂടുതൽ പണം എത്തിക്കുന്നതിനു ഇതാണ് മാർഗമെന്നാണ് എംപിമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ നിർദ്ദേശങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് മറ്റ് എംപിമാരും നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.