മുംബൈ: രണ്ടുലക്ഷം രൂപയ്ക്കു മേലുള്ള സ്വർണാഭരണങ്ങൾക്കു നികുതി ചുമത്തിയ നടപടി കേന്ദ്രം പിൻവലിച്ചു. നികുതിയിളവിനുള്ള പരിധി അഞ്ചു ലക്ഷമായി തുടരും.

നേരിട്ട് പണംകൊടുത്ത് രണ്ടുലക്ഷം രൂപയോ അതിനുമുകളിലോ വിലവരുന്ന സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഏർപ്പെടുത്താനിരുന്ന ഒരുശതമാനം നികുതിയാണ് പിൻവലിച്ചത്.

ജൂൺ ഒന്നുമുതൽ പ്രാബല്യത്തിലാകാനിരിക്കെയായിരുന്നു നികുതി പിൻവലിച്ചത്. അതേസമയം, നികുതിയിളവിനുള്ള പരിധി അഞ്ച് ലക്ഷമായി തുടരും. രണ്ട് ലക്ഷത്തിന് സ്വർണം വാങ്ങുന്നയാളുടെ കയ്യിൽനിന്ന് ഒരുശതമാനം നികുതി ഈടാക്കി ജൂവലറികൾ സർക്കാരിന് നൽകണമെന്നായിരുന്നു ബജറ്റിലെ നിർദ്ദേശം.

നികുതി നിർദ്ദേശം പിൻവലിച്ചതിനെതുടർന്ന് പ്രമുഖ ജൂവലറികളുടെ ഓഹരി വില കുതിച്ചു. രാജ്യത്ത് സ്വർണ ഉപഭോഗത്തിൽ കനത്ത ഇടിവാണ് 2016ലെ ആദ്യപാദത്തിലുണ്ടായത്. വില്പനയിൽ 41 ശതമാനം കുറവുണ്ടായി. അഞ്ച് വർഷത്തെ ശരാശരി പാദവർഷ ഉപഭോഗം 156.7 ടൺ സ്വർണമായിരുന്നു. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ ഉപഭോഗം 88.4 ടൺമാത്രമായിരുന്നു.