ദോഹ: മനുഷ്യശരീരത്തിനും പരിസ്ഥിതിക്കും കോട്ടം വരുത്തുന്ന ചില വസ്തുക്കൾക്ക് പുതുതായി നികുതി ഏർപ്പെടുത്താൻ നിയമം ഒരുങ്ങുന്നു. ഈ ശ്രേണിയിൽ വരുന്ന ജങ്ക് ഫുഡ്ഡുകൾക്കും ആഡംബര വസ്തുക്കൾക്കുമാണ് അടുത്ത ഏപ്രിൽ മുതൽ നികുതി ഈടാക്കാൻ സർക്കാർ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ ജൂണിൽ ഇതേ പോലെ പുകയില ഉത്പന്നങ്ങൾക്കും ഫാസ്റ്റ് ഫുഡ്ഡിനും സോഫ്റ്റ് ഡ്രിങ്ക്‌സിനുമെല്ലാം നികുതി കൊണ്ടുവന്നിരുന്നു.

എന്നാൽ പുതുതായി ഏതെല്ലാം ഉത്പന്നങ്ങൾക്ക് നികുതി ബാധകമായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആഡംബര വസ്തുക്കളുടെ കീഴിൽ ഏതെല്ലാം വസ്തുക്കൾ വരുമെന്ന് വ്യക്തമല്ല. ജിസിസി എഗ്രിമെന്റ് അനുസരിച്ചു മാത്രമേ ഖത്തർ നിയമം തയാറാക്കുകയുള്ളൂവെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. സിൻ ടാക്‌സ് എന്ന പേരിൽ പുകയില ഉത്പന്നങ്ങൾക്കും മറ്റും ഏർപ്പെടുത്തിയ ടാക്‌സ്, എണ്ണവില ഇടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു.

പുതുതായി ജങ്ക് ഫുഡ്ഡിനും ആഡംബര വസ്തുക്കൾക്കും ഏർപ്പെടുത്തുന്ന ടാക്‌സ്, വർധിച്ചുവരുന്ന ഹെൽത്ത് കെയർ ചെലവുകൾ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഖത്തറും മറ്റു ജിസിസി രാജ്യങ്ങളും പൗരന്മാർക്ക് ഹെൽത്ത് കെയർ ചെലവുകൾക്ക് വൻ സബ്‌സിഡിയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്ത് വർധിച്ചുവരുന്ന അമിതവണ്ണക്കാരുടെ എണ്ണവും പ്രമേഹരോഗികളുടെ എണ്ണവും ഈ മേഖലയിൽ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുകയാണ്. 2020- ആകുമ്പോഴേയ്ക്കും ഖത്തറിലെ ഹെൽത്ത് കെയർ ചെലവ് ഇരട്ടിയോളമാകുമെന്നാണ് വിലയിരുത്തൽ.