ദുബൈ: കാറീം ആപ് വഴി ദുബൈയിലെ എല്ലാ ടാക്‌സികളും ബുക് ചെയ്യാൻ സംവിധാനം വരുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആർ.ടി.എയും കാറീം കമ്പനിയും ഒപ്പുവച്ചു. ഇതുവരെ ലിമൂസിൻ സർവീസുകൾ മാത്രമാണ് കാറീം ആപ് വഴി ബുക് ചെയ്യാൻ കഴിഞ്ഞിരുന്നത്. സാധാരണ ടാക്‌സികളെക്കാൾ 30 ശതമാനം അധികം പണച്ചെലവ് വരുന്നതാണ് ലിമൂസിൻ സർവീസ്.

4700 ലിമൂസിനുകളാണ് കാറീമിന് കീഴിലുള്ളത്. പുതിയ കരാർ വഴി ആർ.ടി.എയുടെ വിവിധ ഫ്രാഞ്ചൈസി കമ്പനികൾക്ക് കീഴിലുള്ള 9841 ടാക്‌സികൾ കൂടി ആപ്പിലൂടെ ബുക് ചെയ്യാൻ സാധിക്കും.

ബുക്കിങ് സമയത്ത് സാധാരണ ടാക്‌സിയാണോ ലിമൂസിനാണോ വേണ്ടതെന്ന് ഉപഭോക്താ ക്കൾക്ക് തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. ഓൺലൈൻ ടാക്‌സി സംവിധാനം ഉപയോഗിക്കുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യമെന്ന് മതർ അൽ തായിർ പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ കാറീം സർവീസ് ഉപയോഗിക്കുന്നവർക്ക് ദുബൈയിലത്തെുമ്പോൾ എളുപ്പത്തിൽ ടാക്‌സികൾ ലഭ്യമാകാൻ സഹകരണം സഹായിക്കുമെന്ന് മുദസ്സിർ ശൈഖ പറഞ്ഞു. ഇവർക്ക് പ്രത്യേകം ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. പണം, ക്രെഡിറ്റ് കാർഡ്, നോൽ കാർഡ് എന്നിവ വഴി ടാക്‌സിക്കൂലി നൽകാം. എന്നാൽ ആർ.ടി.എയുടെ നിലവിലെ ടാക്‌സി ബുക്കിങ് സംവിധാനവും സ്മാർട്ട് ടാക്‌സി ആപ്പും പഴയതുപോലെ പ്രവർത്തിക്കും.

ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെയെല്ലാം പണം ഏകജാലക സംവിധാനത്തിലൂടെ ഈടാക്കുന്ന ഇന്റേഗ്രറ്റഡ് മൊബിലിറ്റി പ്‌ളാറ്റ്‌ഫോം അടുത്തവർഷം പകുതിയോടെ പ്രവർത്തനസജ്ജമാകും.