ദുബായിൽ തിരക്കുള്ള സമയങ്ങളിൽ ഷോപ്പിങ് കഴിഞ്ഞ് ടാക്‌സികളിൽ മടങ്ങുന്നവരിൽ നിന്നും ഈടാക്കുന്നത് കൂടുതൽ ചാർജ്ജ്. രാവിലെ ഏഴുമുതൽ പത്തുവരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയുമുള്ള സമയങ്ങളിലാണ് മാളുകളിൽ നിന്നു ടാക്‌സി പിടിക്കുന്നതെങ്കിലാണ് ഇത്തരത്തിൽ ചാർജ്ജ് ഈടാക്കുന്നത്. അടിസ്ഥാന നിരക്കായ അഞ്ചു ദിർഹം പലപ്പോഴും എട്ടും 12മായാണ് വർധിക്കുന്നത്.

ഈ വിഷയത്തിൽ ആർടിഎയും ഡ്രൈവർമാരും പരസ്പരം പഴി ചാരുകയാണ്. തിരക്കുള്ള സമയങ്ങളിൽ ടാക്‌സികൾക്കായുള്ള ആവശ്യക്കാർ വർധിക്കും. ഈ സമയത്ത് മാൾ അധികൃതരുടെ അഭ്യർത്ഥന അനുസരിച്ച് ആർടിഎയുടെ ഡസ്പാച്ച് സെന്ററിലെ ടാക്‌സികൾ പറഞ്ഞയക്കും. ഈ ടാക്‌സികളിലെ മീറ്ററുകളിൽ നേരത്തെ തന്നെ അതുവരെയുള്ള യാത്രാദൂരവും ചാർജ്ജും രേഖപ്പെടുത്തിയിട്ടുണ്ടാകും. പിന്നീട് യാത്ര തുടങ്ങുമ്പോൾ ഈ ചാർജ്ജിൽ നിന്നുമായിരിക്കും യാത്ര ആരംഭിക്കുക.

യാത്ര കഴിഞ്ഞിറങ്ങുമ്പോൾ സാധാരണ ചാർജ്ജിൽ നിന്നും അധികമായുള്ളതായിരിക്കും മീറ്ററിൽ കാണിക്കുക. ഇതു പലപ്പോഴും യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ സംസാരം ഉണ്ടാകാൻ ഇടയാക്കുന്നുണ്ട്. യാത്രാവേളയിൽ തന്നെ ചാർജ്ജിനെ ചൊല്ലിയുള്ള സംസാരം പലപ്പോഴും യാത്രക്കാർ പെരുവഴിയിലാകുവാനും ഇടയാക്കുന്നു.

മീറ്ററിൽ ആർടിഎ തന്നെയാണ് ആദ്യം ചാർജ്ജ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഈ അധികചാർജ്ജിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് ഡ്രൈവർമാരുടെ പക്ഷം.