ബെംഗലൂരു: അർധ രാത്രിയിൽ ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയ ശേഷം ഭാര്യയോട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട് അക്രമികളുടെ ഭീഷണി. ബെംഗലൂരുവിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ടാക്‌സി ഡ്രൈവറായ യുവാവിനെ തട്ടിക്കൊണ്ട് പോയ ശേഷം അക്രമികൾ ഇയാളുടെ ഭാര്യയെ വീഡിയോ കോളിലൂടെ വിളിക്കുകയും വസ്ത്രമഴിച്ച് പൂർണ നഗ്നയായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവരുടെ ഭീഷണിക്ക് യുവതി വഴങ്ങിയതിന് പിന്നാലെ ഇവർ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും സ്‌ക്രീൻ ഷോട്ടുകൾ എടുക്കുകയും ചെയ്തു. വെള്ളിയാഴ്‌ച്ച രാത്രിയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്.

സോമേശേഖർ എന്ന ടാക്‌സി ഡ്രൈവറെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോയത്. സംഭവത്തെ പറ്റി സോമശേഖർ പൊലീസനോട് പറഞ്ഞതിങ്ങനെ. ബെംഗളൂരുവിലെ അടുഗോഡിയിൽ നിന്നും ദൊമ്മസാന്ദ്രയിലേക്ക് നാല് യാത്രക്കാർ ചേർന്ന് വണ്ടി ബുക്ക് ചെയ്തു. രാത്രി 10 മണിയോടെ ഇവർ സോമശേഖരന്റെ കാറിൽ കയറി. 22 കിലോമീറ്റർ ദൂരം വണ്ടിയോടിച്ച് രാത്രി 10.30ന് യാത്രക്കാർ പറഞ്ഞ സ്ഥലത്ത് വാഹനം എത്തി. എന്നാൽ ഇറങ്ങാൻ കൂട്ടാക്കാതെ ഇവർ വാഹനം വീണ്ടും മുന്നോട്ട് ഓടിക്കാൻ ആവശ്യപ്പെട്ടു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ നാല് പേരും ചേർന്ന് സോമശേഖരനെ മർദിച്ച് അവശനാക്കി കാറിന്റെ താക്കോൽ പിടിച്ചുവാങ്ങി. ഇവരിൽ ഒരാൾ വണ്ടിയോടിച്ചു. ഇങ്ങനെ ഏകദേശം 100 കിലോമീറ്ററോളം പിന്നിട്ടതായി സോമശേഖരൻ പറയുന്നു.

യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് വണ്ടിനിർത്തിയ സംഘം ഫോൺ പിടിച്ചുവാങ്ങി സോമശേഖരന്റെ ഭാര്യയെ വീഡിയോകോൾ ചെയ്തു. സോമശേഖരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് നഗ്‌നയാക്കി. ഇതിന്റെ സ്‌ക്രീൻഷോട്ട് എടുക്കുകയും ചെയ്തു.

പണം വേണമെന്ന് ആവശ്യപ്പെട്ട സംഘത്തിന് തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 9000 രൂപ സോമശേഖരൻ നൽകിയെങ്കിലും കൂടുതൽ ആവശ്യപ്പെട്ടു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ നിർബന്ധിച്ചു. പേടിഎം അക്കൗണ്ടിൽ ഉണ്ടായിരുന്ന 20,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ച ശേഷം ഇവർ പിൻവലിച്ചതായും സോമശേഖരൻ പറയുന്നു.

രാമനഗര ജില്ലയിലെ ചന്നപ്പട്ടണ എന്ന സ്ഥലത്തെ ലോഡ്ജിലെത്തിയപ്പോൾ ശുചിമുറിയുടെ ജനൽവഴി രക്ഷപ്പെട്ട സോമശേഖരൻ ചന്നപ്പട്ടണ പൊലീസിനെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ ഫോണും അക്രമികൾ കൊണ്ടുപോയതായി സോമശേഖരൻ അഡുഗോഡി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത അടുഗോഡി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.