യുഎഇ :ടാക്‌സി ഡ്രൈവർമാർക്ക് മാസത്തിൽ അനുവദിച്ച നാല് ദിവസത്തെ അവധിയിൽ രണ്ടെണ്ണമെങ്കിലും നിർബന്ധമായും എടുത്തിരിക്കണമെന്ന് നിബന്ധന വയ്ക്കാൻ ഗതാഗത നിയന്ത്രണ കേന്ദ്രം ആലോചിക്കുന്നു. വിശ്രമം ലഭിക്കുന്നില്ലെന്നത് അടക്കം ടാക്‌സി ഡ്രൈവർമാരുടെ തൊഴിലിനെ കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഓരോ മാസവും ഡ്രൈവർമാർ നിർബന്ധമായും അവധിയെടുക്കണമെന്ന നിബന്ധന വയ്ക്കുന്നത്.

ടാക്‌സി കമ്പനികൾ അവധി നൽകുന്നുണ്ടെങ്കിലും വരുമാനത്തെ ബാധിക്കുമെന്നതിനാൽ മിക്ക ഡ്രൈവർമാരും അവധിയെടുക്കാൻ മടിക്കുകയാണ്. നിലവിൽ ഏഴ് കമ്പനികളുടേതായി 7,645 ടാക്‌സികൾ അബൂദബിയിലുണ്ട്. ജോലിക്ക് പോകാത്ത ദിവസങ്ങളിൽ പ്രതിഫല ത്തിൽനിന്ന് 25 ദിർഹം ചില ടാക്‌സി കമ്പനികൾ കുറച്ചിരുന്നതായി ഡ്രൈവർമാർ പരാതിപ്പെട്ടിരുന്നു. പണിമുടക്കിനെ തുടർന്ന് നടന്ന ചർച്ചയിൽ ഇങ്ങനെ പണം കുറക്കുന്നത് ഒഴിവാക്കാൻ ധാരണയായിരുന്നു. അവധിയെടുക്കുന്നത് മൂലം ഡ്രൈവർമാരുടെ കമീഷനിൽ കുറവ് വരില്ലെന്ന് ട്രാൻസാഡ് ഡയറക്ടർ ജനറൽ മുഹമ്മദ് ആൽ ഖാസിമിയും പറഞ്ഞു

സൗജന്യ താമസം, ആരോഗ്യ ഇൻഷുറൻസ് എന്നിവയോടൊപ്പം 800 ദിർഹമാണ് ഡ്രൈവർമാർക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം. വാഹനങ്ങൾ ഇടിച്ചും മറ്റുമുണ്ടാകുന്ന കേടുപാടിനും ഗതാഗത നിയമം ലംഘിച്ചാലുള്ള പിഴക്കും ഡ്രൈവർമാരിൽനിന്ന് കമ്പനികൾ പണം ഈടാക്കും. അതിനാൽ തൊഴിലിൽനിന്ന് ഒന്നും നേടാനാകുന്നില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി.