ദോഹ: ടാക്‌സി ഡ്രൈവർമാരുടെ കൊള്ളയടിക്ക് തടയിടാൻ പുതിയ നിയമനിർമ്മാണം വരുന്നു. മീറ്ററിൽ കാണുന്ന തുകയെക്കാൾ അധികം ഈടാക്കുക, ടാക്‌സി ഷെയറിങ് തുടങ്ങിയവ നിരോധിക്കുന്ന തരത്തിലാണ് പുതിയ നിയമനിർമ്മാണം. ഇതുസംബന്ധിച്ച കരടുരേഖയ്ക്ക് കാബിനറ്റ് അനുമതി നൽകിക്കഴിഞ്ഞു.

പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ട്രാൻസ്‌പോർട്ട് കമ്പനി മൊവാസലത്തും ഇതിന്റെ ഫ്രാഞ്ചൈസികളും നടത്തുന്ന ടാക്‌സികൾക്കും ബാധകമായിരിക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ടാക്‌സി ഡ്രൈവർമാരുടെ മോശം പെരുമാറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് യാത്രക്കാർ. മീറ്റർ റീഡിംഗിൽ ഓട്ടം പോകാൻ വിസമ്മതിക്കുക, അമിത ചാർജ് ഈടാക്കുക, മോശമായി പെരുമാറുക തുടങ്ങിയ രീതികൾ രാജ്യത്തെ ടാക്‌സി ഡ്രൈവർമാർ സ്ഥിരം പിന്തുടർന്നു വരികയാണെന്നാണ് പൊതുവേയുള്ള പരാതി.

പുതിയ നിയമം അനുസരിച്ച് മീറ്ററിൽ കാണുന്ന തുകയേ യാത്രക്കാരിൽ നിന്ന് ഈടാക്കാൻ സാധിക്കൂ. ഒന്നിൽ കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിലും നിശ്ചിത തുകയിൽ കൂടുതൽ ഈടാക്കുന്നത് നിയമലംഘനമാണ്. ടാക്‌സി ഷെയറിങ് സംവിധാനവും ഇതോടെ അവസാനിപ്പിക്കണമെന്നാണ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.