വിദേശികൾ ഏറെയുള്ള മേഖലയായ ടാക്‌സി മേഖലയിലും സ്വദേശിവത്കരണ നടപടികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായിമക്കയിലെ ടാക്സി സർവീസുകൾ പൂർണമായും സ്വദേശി വത്കരിക്കുന്നു. ഇതോടെ എഴായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും.

ഹജ്ജ്, ഉംറ സീസണുകളിലെ മക്കയിലെ ടാക്സി മേഖലയിൽ സമ്പൂർണ സൗദിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ലിമോസിൻ ഉൾപ്പെടെ എല്ലാ ടാക്സി സർവീസുകളും നടത്തേണ്ടത് സ്വദേശികൾ മാത്രമായിരിക്കണം.150 ടാക്സി കമ്പനികൾക്ക് കീഴിലായി 7000ത്തിലധികം ടാക്സികൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നല്ലൊരു ഭാഗവും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ ആണ്.

മൂന്നാം ഘട്ട സ്വദേശിവത്കരണം ശനിയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ത്രീകളുടെ സുഗന്ധ ദ്രവ്യങ്ങൾ, പാദരക്ഷകൾ, ബാഗുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, മാതൃ-പരിചരണ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിൽ നൂറു ശതമാനവും സ്വദേശി വനിതകൾ ആയിരിക്കണം. മാളുകളിലെ സൗന്ദര്യ വാർധക വസ്തുക്കൾ വിൽക്കുന്ന ഫാർമസികളിലും വനിതാവൽക്കരണം നടപ്പിലാക്കണം.