ദോഹ: ടാക്‌സി യാത്രക്കാരുടെ പരാതി സ്വീകരിക്കാൻ ഹോട്ട് ലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ (സിഎംസി) അംഗം ടാക്‌സി ഓപ്പറേറ്റിങ് കമ്പനികളോട് ആവശ്യപ്പെട്ടു. ടാക്‌സി ഡ്രൈവർമാർ മോശമായി പെരുമാറുന്നു എന്നത് യാത്രക്കാരുടെ ഇടയിലുള്ള പൊതു പരാതിയാണെന്നും ഇതിനെതിരേ എവിടെ പരാതിപ്പെടണമെന്ന് തങ്ങൾക്ക് അറിയില്ലെന്നും മിക്ക യാത്രക്കാരും പരാതിപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് ലൈൻ സംവിധാനം വേണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.
ഇതുസംബന്ധിച്ച് തനിക്ക് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും തുടർന്ന് ടാക്‌സി കമ്പനികളുമായി ഇക്കാര്യം ചർച്ച ചെയ്യാൻ മീറ്റിങ് വിളിച്ചുകൂട്ടിയിരുന്നെന്നും സിഎംസി അംഗം മുബാറക് ഫ്രെയ്‌സ് അറിയിച്ചു.

യാത്രക്കാരുടെ പരാതികൾ, പ്രത്യേകിച്ച് ഡ്രൈവർമാരെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാൻ ഹോട്ട്‌ലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നാണ് സമ്മേളനത്തിൽ സിഎംസി അംഗം കമ്പനികളോട് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ഹോട്ട് ലൈൻ ഏർപ്പെടുത്തിയാൽ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാമെന്ന് കരുതുന്നതായി മുബാറക് ഫ്രെയ്‌സ് വ്യക്തമാക്കുന്നു.
നിലവിലുള്ള സംവിധാനമനുസരിച്ച് ടാക്‌സി യാത്രക്കാരുടെ പരാതി ലഭിക്കുന്നത് കർവയ്ക്കാണ്. കർവ അത് അതാത് കമ്പനികൾക്ക് കൈമാറും. എന്നാൽ ഈ കമ്പനികളൊന്നും ഇക്കാര്യത്തിൽ ശക്തമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഹോട്ട്‌ലൈൻ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ഓരോ ടാക്‌സിക്കും പ്രത്യേക  തിരിച്ചറിയൽ നമ്പരും നൽകണം. ഇങ്ങനെയായാൽ യാത്രക്കാർക്ക് വ്യക്തമായി പരാതി നൽകാനാവുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്‌നം ചെറിയ ദൂരത്തേക്ക് സർവീസ് നടത്താൻ ടാക്‌സി ഡ്രൈവർമാർ തയാറല്ല എന്നതു തന്നെയാണ്. മറ്റൊരു പ്രശ്‌നം സാധാരണ റോഡുകളിലൂടെ ഡ്രൈവർമാർ അമിത വേഗത്തിൽ പായുന്നു എന്നതാണ്. ഇത് ഏറെ അപകടകരമാണെന്നും യാത്രക്കാർക്ക് ഇക്കാര്യത്തിൽ ഏറെ ആശങ്ക വർധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.