സ്‌കറ്റിൽ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുവാൻ ഒരുങ്ങുകയാണ് വാർത്താ വിനിമയ മന്ത്രാലയം. ഇതിന്റെ ഭാഗമായി രണ്ട് ടാക്സി സർവീസിങ് കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകി കഴിഞ്ഞു. അൽ ഇബ്തികാർ ഫോർ ഇൻഫർമാറ്റിക്സ് ടെക്നോളജി, മുവാസലാത്ത് എന്നീ കമ്പനികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. സുരക്ഷിത യാത്രയും പണത്തിനൊത്ത മൂല്യവും ലഭിക്കുന്നതാകും കമ്പനികളുടെ സേവനമെന്ന് അധികൃതർ വ്യക്തമാക്കി.

സുൽത്താൻ ഖാബൂസ് തുറമുഖം, ത്രിനക്ഷത്ര, ചതുർ നക്ഷത്ര, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ടാക്സി സേവനമാണ് അൽ ഇബ്തികാറിന്റെ കീഴിൽ വരുന്നത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ടാക്സി സേവനങ്ങൾ മുവാസലാത്തിന്റെ കീഴിലും വരും.

മീറ്റർ നിരക്കുകൾ മാത്രം ഈടാക്കിയാണ് ഇവ സർവ്വീസ് നടത്തുക. കൂടാതെ ഗവർണറേറ്റിൽ നിന്നും ടെലഫോൺ വഴി ടാക്സി സേവനം ലഭ്യമാക്കാനും ഇരു കമ്പനികൾക്കും അനുമതി നൽകിയിട്ടുണ്ട്. സർവ്വീസുകൾക്കായി മന്ത്രാലയം നൽകുന്ന ഓപറേറ്റിങ് കാർഡ് എല്ലായിപ്പോഴും വാഹനങ്ങളിൽ ഉണ്ടാവണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ വാഹനത്തിന്റെ ഡ്രൈവർമാർക്ക് കമ്പനി പരിശീലനം നൽകിയിരിക്കണമെന്നും നൂതന ജിപിഎസ് സംവിധാനമുള്ള ഉപകരണങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.