അർജ്ജുൻ റെഡ്ഡി,ഗീത ഗോവിന്ദം എന്നീ സൂപ്പർഹിറ്റ് സിനിമയിലൂടെ കേരളത്തിലടക്കം ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ് ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങൾക്കും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കഴിഞ്ഞ ചിത്രമായ നോട്ടയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതിന്റെ ക്ഷീണം തീർക്കാനും ആരാധകർക്ക് ആവേശം പകരാനുമായി അടുത്ത ചിത്രവുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. പുതിയ ചിത്രമായ ടാക്‌സിവാലയുടെ ട്രെയിർ പുറത്തുവിട്ടു.

സെക്യൂരിറ്റി ഗാർഡ് ആയി ആദ്യം ജോലി നോക്കിയിരുന്ന വിജയ് ദേവെരകൊണ്ട പിന്നീട് ടാക്‌സി ഡ്രൈവറാകുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. പക്ഷേ ടാക്‌സി ഡ്രൈവറായുള്ള ജോലിക്കിടയിൽ ചില വിചിത്രമായ സംഭവങ്ങൾ നടക്കുകയാണ്. ട്രെയിലറിൽ സൂചിപ്പിക്കുന്നത് ഒരു ഹൊറർ സിനിമയായിരിക്കും ടാക്‌സിവാല എന്നാണ്. 17നാണ് ചിത്രം റിലീസ് ചെയ്യുക.രാഹുൽ സങ്കൃത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാൽക്കർ, മലയാളി നടി മാളവിക നായർ എന്നിവരടങ്ങുന്നവരാണ് നായികമാരായി എത്തുന്നത്.