തിരുവനന്തപുരം: ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ പ്രസിഡന്റുമായിരുന്ന ടിസി മാത്യുവിന്റെ രാജി വാർത്ത ഏവരേയും ഞെട്ടിച്ചിരുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞെന്ന് വിലയിരുത്തപ്പെട്ട ടിസി മാത്യുവിന് തിരുവനന്തപുരത്തെ ട്വന്റി ട്വന്റി മത്സരത്തിന് പോലും ക്ഷണമില്ലായിരുന്നു. ക്രിക്കറ്റിൽ നിന്ന് ടിസി മാറിയെന്ന് പോലും വിലയിരുത്തലെത്തി. എന്നാൽ ഇത്തരം വാദങ്ങളെല്ലാം തള്ളി ഇന്ന് ടിസി മാത്യു കെസിഎ ആസ്ഥാനത്ത് എത്തി. ഇന്ന് കെസിഎയുടെ പ്രത്യേക യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് ടിസി യോഗത്തിനെത്തിയത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ബിസിസിഐയിലെ പ്രതിനിധിയാണ് മാത്യു. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം മാത്യു രാജിവച്ചെങ്കിലും അത് അസോസിയേഷൻ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗത്തിന് ടിസി എത്തിയത്.

നേരത്തെ ടിസിയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളിൽ തീർപ്പുണ്ടാകുന്നതു വരെ കെസിഎ ആസ്ഥാനത്ത് എത്തരുതെന്ന് കെസിഎ ഓബുഡ്‌സ്മാൻ ഉത്തവിട്ടിരുന്നു. കെസിഎയുടെ ഒരു ഓഫീസിലും കയറരുതെന്നായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ചാണ് ടിസി എത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ കെസിഎ ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പമായി. ടിസി പങ്കെടുത്താൽ യോഗം ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് ഒരു വിഭാഗം. തൃശൂരിൽ നിന്നുള്ള അഡ്വക്കേറ്റ് പ്രമോദാണ് ടിസിയ്‌ക്കെതിരെ ഓബുഡ്‌സ്മാനെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കെസിഎ അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വരുന്നത്. എന്നാൽ കെസിഎ യോഗത്തിൽ തനിക്ക് പങ്കെടുക്കാനാകുമെന്നാണ് ടിസിയുടെ നിലപാട്.

തന്റെ അവകാശം നിഷേധിക്കാൻ ആർക്കുമാകില്ലെന്നും അദ്ദേഹം പറയുന്നു. ഇതോടെ കെസിഎയുടെ നിലവിലെ ഭാരവാഹികൾ വെട്ടിലാവുകയും ചെയ്യും. കേരളാ ക്രിക്കറ്റിനെ സിഡി വിവാദവും പിടിച്ചുലയ്ക്കുന്നുണ്ട്. ഈ വിവാദത്തിന് പുതിയ തലം നൽകുന്നതാണ് ടിസിയുടെ അപ്രതീക്ഷിത ഇടപെടൽ. ബിസിസിഐയുടെ വൈസ് പ്രസിഡന്റാണ് ടിസി. ഇതിനിടെ ചില ഗ്രൂപ്പ് മലക്കം മറിച്ചിലുകൾ ഉണ്ടായി. ഇതേ തുടർന്ന് ടിസിയെ കൊണ്ട് ചിലർ രാജിവയ്‌പ്പിക്കുകയായിരുന്നു. ഇടുക്കി സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ടിസി കേരളാ ക്രിക്കറ്റിൽ ആരുമല്ലാതായി. എന്നാൽ ടിസിയുടെ രാജി ഇടുക്കി അസോസിയേഷൻ അംഗീകരിച്ചില്ല. രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെയാണ് ടിസി വീണ്ടും സജീവമാകുന്നത്.

നിലവിലെ സെക്രട്ടറി ജയേഷ് ജോർജ് ടിസിയുടെ വിശ്വസ്തനായിരുന്നു. ലോധാ കമ്മറ്റി ശുപാർശകളുടെ സാഹചര്യത്തിലാണ് ടിസി കേരളാ ക്രിക്കറ്റിലെ സ്ഥാനം ഒഴിഞ്ഞത്. ജയേഷിനെ സെക്രട്ടറിയും ഇടുക്കിയിൽ നിന്നുള്ള വിനോദിനെ പ്രസിഡന്റുമാക്കി. പതിയെ ടിസിക്ക് കെസിഎയിൽ പിടി അയഞ്ഞു. സ്വന്തക്കാരെന്ന് കരുതിയവർ മറുകണ്ടം ചാടി. ഇത് മനസ്സിലാക്കിയാണ് ടിസി ഇടുക്കി അസോസിയേഷൻ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നതിൽ നിന്നും പിന്മാറിയത്. ഈ അപ്രതീക്ഷിത നീക്കമാണ് എല്ലാ കണക്കു കൂട്ടലിനേയും ഞെട്ടിച്ചത്. ആരോപണങ്ങളെ നേരിടാൻ ടിസി തയ്യാറാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

രണ്ട് ദിവസം മുമ്പ് ഇടുക്കി അസോസിയേഷൻ യോഗം ചേർന്നിരുന്നു. തന്നെ ജയേഷും കൂട്ടരും ചേർന്ന് ചതിച്ചെന്ന തോന്നൽ ടിസിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടുക്കി അസോസിയേഷനിൽ രാജി പിൻവലിക്കാമെന്ന നിലപാടാണ് ടിസി എടുത്തത്. അവിടുത്തെ പൊതുവികാരം അനുസരിച്ച് ടിസി വീണ്ടും ജില്ലാ സെക്രട്ടറിയായി. ജില്ലാ സെക്രട്ടറിക്ക് കെസിഎയുടെ പ്രത്യേക പൊതുയോഗത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്. എന്നാൽ ടിസിയെ മാത്രം യോഗത്തിലേക്ക് ജയേഷ് ക്ഷണിച്ചില്ല. തന്റെ ശിഷ്യനായി എത്തി സെക്രട്ടറി പദത്തിലെത്തിയ ജയേഷിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ടിസി തീരുമാനിക്കുകയായിരുന്നു. ഇതോടെ യോഗ സ്ഥലത്ത് ടിസി എത്തി.

അപ്രതീക്ഷിതമായാണ് ടിസിയുടെ വരവിനെ കെസിഎ ഭാരവാഹികൾ കണ്ടത്. ഓബുഡ്‌സ്മാന്റെ വിലക്കുള്ളതിനാൽ ടിസിക്ക് തിരുവനന്തപുരത്തെ ആസ്ഥാനത്ത് കയറാനാകുമോ എന്ന സംശയം സജീവമാണ്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം യോഗം ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്.