കൊച്ചി: കോടതിയോടും ധാർഷ്ട്യം കാണിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിർകയെയും സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനിലും സമ്പൂർണ അഴിച്ചു പണി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടി.സി. മാത്യവും സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.എൻ. അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു.

പുതിയ പ്രസിഡന്റായി ബി.വിനോദിനെയും സെക്രട്ടറിയായി ജയേഷ് ജോർജ്ജിനെയും തെരഞ്ഞെടുത്തു. നിലവിൽ കെഎസിഎയുടെ ട്രഷററായിരുന്നു ജയേഷ് ജോർജ്ജ്. വൈസ് പ്രസിഡന്റുമാരായ ടി. ആർ ബാലകൃഷ്ണൻ, എസ്. ഹരിദാസ്, സുനിൽ കോശി ജോർജ്ജ്, റോങ്ക്ളിൻ ജോൺ എന്നിവരും സ്ഥാനമൊഴിഞ്ഞു.

എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ, മന്ത്രിമാർ, സർക്കാർ ജീവനക്കാർ, ശിക്ഷിക്കപ്പെട്ടിട്ടുള്ളവർ, തുടർച്ചയായി ഒമ്പത് വർഷം ഭാരവാഹികൾ ആയവർ എന്നിവരെ ഭരണസമിതിയിൽ ഉൾപ്പെടുത്തരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎയിലും അഴിച്ചുപണി നടന്നത്

ക്രിക്കറ്റ് മേഖലയുടെ സമഗ്ര അഴിച്ചു പണിക്കായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ലോധ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അവഗണിച്ചതാണ് അനുരാഗ് ഠാക്കൂറിനെയടക്കം പുറത്താക്കാൻ കാരണമായത്. അനുരാഗ് ഠാക്കൂർ വ്യാജ സത്യവാങ്മൂലം നൽകിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതിനു പിന്നാലെയായിരുന്നു നടപടി.

ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കാത്ത ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഉദ്യോഗസ്ഥരും സ്ഥാനമൊഴിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടു. ഈ പശ്ചാത്തലത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷനിൽ അഴിച്ചു പണി ഉണ്ടായത്.