കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക്, പിണറായി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനാണെന്നാണ് പൊതു വിലയിരുത്തൽ എന്ന് 'മറുനാടൻ മലയാളി' എന്ന വാർത്താ സൈറ്റിൽ അരുൺ ജയകുമാർ എന്നൊരു ലേഖകൻ എഴുതിയതുകണ്ട് ഈ ലേഖകനും ചിരി അടക്കാനായില്ല-ജന്മഭൂമി പത്രാധിപർ കഴിഞ്ഞ ദിവസം എഴുതി വാർത്തയുടെ ആദ്യ വരിയാണ് ഇത്. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനാണ്, രണ്ടാം നമ്പർ കാർ നൽകുക. യുഡിഎഫ് മന്ത്രിസഭയിൽ, അത് പി.കെ. കുഞ്ഞാലിക്കുട്ടിക്കായിരുന്നു. കഴിഞ്ഞ അച്യുതാനന്ദൻ മന്ത്രിസഭയിൽ, അത്, സി ദിവാകരനായിരുന്നു. രണ്ടാംസ്ഥാനം സിപിഐയ്ക്ക് നൽകിയതിനാൽ, ആയിരുന്നു, അത്. ഇത്തവണ രണ്ടാം നമ്പർ കാർ, സിപിഐയിലെ ഇ. ചന്ദ്രശേഖരനാണ്. സിപിഎമ്മിൽ രണ്ടാംസ്ഥാനത്തെ മന്ത്രി, എ.കെ. ബാലനാണ്. കാർ നമ്പർ 6. തുടർന്ന്, ഇ.പി. ജയരാജൻ (7), ജി. സുധാകരൻ (8), കെ.കെ. ശൈലജ (9). ആലപ്പുഴയിലെ സുധാകരനും താഴെ സ്ഥാനം നൽകി, പത്താം നമ്പർ കാർ കൊടുത്തപ്പോഴാണ്, ഐസക്ക് ആർക്കും വേണ്ടാത്ത 13ാം കാർ താൻ മനഃപൂർവം ഏറ്റെടുക്കുന്നു എന്നുവരുത്തിത്തീർത്തതെന്നും രാമചന്ദ്രൻ വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ധനമന്ത്രി തോമസ് ഐസക് തെറ്റിയെന്നും രാജി വയ്ക്കാൻ ഒരുങ്ങിയെന്നും ജന്മഭൂമിയിൽ രാമചന്ദ്രൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ പ്രതികരണമെന്നോണം തോമസ് ഐസകിന്റെ അഭിമുഖം മറുനാടൻ നൽകി. ഇതിലെ മന്ത്രിസഭയിലെ രണ്ടാമൻ എന്ന പ്രയോഗത്തെ പിടിച്ചാണ് രാമചന്ദ്രൻ കഴിഞ്ഞ ദിവസം ജന്മഭൂമി പത്രത്തിന്റെ ഒന്നാം പേജിൽ വിശദീകരണവുമായെത്തിയത്. എന്നാൽ രാമചന്ദ്രൻ വിശദീകരണത്തെ തള്ളിക്കളയുകയാണ് സോഷ്യൽ മീഡിയ. ഇതുമായി ബന്ധപ്പെട്ട് ടിസി രാജേഷ് വിശദമായി തന്നെ കുറിച്ചിട്ടുണ്ട്. മന്ത്രിമാരുടെ മൂപ്പിളമ എങ്ങനെ കാറിലെ നമ്പർ നോക്കി തീരുമാനിക്കുമെന്ന ചോദ്യമാണ് രാജേഷ് ഉയർത്തുന്നത്.

രാമചന്ദ്രന്റെ വാർത്തയിലെ മറ്റ് വാദങ്ങളേയും രജേഷ് തള്ളിക്കളയുന്നു. ഇങ്ങനെ ഒരുപാടുകാര്യങ്ങളുണ്ട്. മകളുടെ വിവാഹം കഴിഞ്ഞ് മൂന്ന് വിരുന്ന് സൽക്കാരങ്ങൾ ഐസക്ക് ആസൂത്രണം ചെയ്തിരുന്നു; പിണറായി വിജയനുമായുള്ള അസ്വാരസ്യം കാരണം, വളരെ അടുത്ത ബന്ധുക്കളെ വിളിച്ച് ചെറിയൊരു സൽക്കാരത്തിൽ ഐസക്ക്, അവസാനിപ്പിച്ചു. അടുത്ത സുഹൃത്തുക്കളായ സുരേഷ് കുറുപ്പിനെയോ സി.പി. ജോണിനെയോ ഒന്നും വിളിച്ചില്ല. അപ്പോൾ, മന്ത്രിമാരെ വിളിച്ചു സൽക്കാരം നൽകിയോ? മന്ത്രിമാർക്ക് വിരുന്ന് നൽകുന്ന സമ്പ്രദായം വിജയൻ തുടങ്ങിയശേഷം, രണ്ടാമൂഴം ഐസക്കിനായിരുന്നു. അതുകൊണ്ട് മന്ത്രിമാർക്ക് വിരുന്നു നൽകിയെന്നും പറയാം, ഇല്ലെന്നും പറയാമെന്നുമൊക്കം രാമചന്ദ്രൻ എഴുതി. ഇതിനെയെല്ലാം രാജേഷ് വിമർശിക്കുകയാണ്

ടിസി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഈ രാമചന്ദ്രൻ എന്നു പറയുന്ന വാർത്താപുംഗവനെ എനിക്ക് നേരിട്ടറിയില്ല. പണ്ട് ദി വീക്കിൽ ഉണ്ടായിരുന്നതായും ചെറുകഥകൾ എഴുതിയിരുന്നതായും കേട്ടിട്ടുണ്ട്. ഒരിക്കൽ ഒരു ഗൂഗിൾ ഗ്രൂപ്പിൽ ഒരു മികച്ച ചലച്ചിത്രതാരത്തെ അവരുടെ കുടുംബജീവിതം പരാമർശിച്ച് വേശ്യയെന്ന രീതിയിൽ! വിശേഷിപ്പിക്കുകയും അതിന്റെ പേരിൽ പ്രസ്തുത ഗ്രൂപ്പിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ആളാണ് രാമചന്ദ്രനെന്നും അറിയാം. ഇപ്പോൾ ജന്മഭൂമിയിൽ കയറിക്കൂടിയിരിക്കുന്ന ഇദ്ദേഹത്തിന് ഡോ. തോമസ് ഐസക്കിനോട് എന്താണിത്ര കലിപ്പെന്നാണ് മനസ്സിലാകാത്തത്.

മന്ത്രിസഭയിൽ താൻ രണ്ടാമനാണെന്ന് തോമസ് ഐസക് ആരോടും അവകാശപ്പെട്ടിട്ടില്ല. ഏതെങ്കിലും പത്രക്കാർ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ തോമസ് ഐസക് എന്തു പിഴച്ചു? ഇതിപ്പോൾ മന്ത്രിസഭയിൽ സ്റ്റേറ്റ് കാറിന്റെ നമ്പറിന്റെ അടിസ്ഥാനത്തിൽ തോമസ് ഐസക് ഏറെത്താഴെയാണെന്നാണ് രാമചന്ദ്രനെന്ന തലമൂത്ത പത്രപ്രവർത്തകന്റെ കണ്ടെത്തൽ. കാറിന്റെ നമ്പറാണ് മന്ത്രിസഭയിലെ അംഗങ്ങളുടെ മൂപ്പ് നിർണയിക്കുന്നതെന്നൊക്കെ തട്ടിവിടുന്ന ഇയാളൊക്കെ ഏതു കോണാത്തിലെ പത്രപ്രവർത്തകനാണ്?

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് സൽക്കാരങ്ങൾ ഐസക് പ്ലാൻ ചെയ്തിരുന്നെന്നും പിണറായി വിജയനുമായുള്ള അസ്വാരസ്യം കാരണം അതൊക്കെ വേണ്ടെന്നു വച്ചെന്നുമാണ് രാമചന്ദ്രന്റെ മറ്റൊരു കണ്ടെത്തൽ. അതൊരു ഒന്നൊന്നര കണ്ടെത്തലായിപ്പോയി. വിവാഹം നിശ്ചയിച്ച സമയത്തുതന്നെ അദ്ദേഹമെടുത്ത തീരുമാനമാണ് ആർക്കും സൽക്കാരം വേണ്ടെന്നത്. തന്റെ സുഹൃത്തുക്കൾക്കോ സ്റ്റാഫിൽപെട്ടവർക്കോ ഒന്നും അദ്ദേഹം ഇതിന്റെ പേരിൽ സൽക്കാരം നൽകിയിട്ടില്ല, നൽകാൻ തീരുമാനിച്ചിരുന്നുമില്ല. സുരേഷ്‌കുറുപ്പും സിപി ജോണുമല്ലാതെ വർഷങ്ങളായ തന്റെ ഒപ്പം നിഴൽപോലെയുള്ള സുഹൃത്തുക്കളെപോലും അദ്ദേഹം സൽക്കരിച്ചില്ല. കുടുംബാംഗങ്ങളെല്ലാം ഒരുദിവസം ഒത്തുചേർന്നുവെന്നുമാത്രം. മന്ത്രിസഭായോഗത്തിന്റെ പേരിലുള്ള വിരുന്നിന് മകളുടെ കല്യാണവുമായി ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് എന്റെ അറിവ്. കുറേക്കാലമായി പിണറായി വിജയനും തോമസ് ഐസക്കും തമ്മിൽ മുണ്ടാറില്ലെന്ന് കഴിഞ്ഞദിവസം ജന്മഭൂമിയിലെഴുതിപ്പിടിപ്പിച്ച രാമചന്ദ്രന്, ഈ വിരുന്നിൽ പിണറായി പങ്കെടുത്തുവെന്നകാര്യത്തിൽ എന്തായാലും തർക്കമുണ്ടെന്നു തോന്നുന്നില്ല.

ഏതോ യോഗത്തിൽ പിണറായി, ഐസക്കിനോട് മോശമായി സംസാരിച്ചെന്നും ഇതേത്തുടർന്ന് ഐസക് രാജിക്കത്തെഴുതിയെന്നും മറ്റും കഴിഞ്ഞദിവസം എഴുതിയതും ഇദ്ദേഹമാണ്. ആ വാർത്ത പരക്കോമഡിയായിരുന്നു. ഐസക് ഓഫീസിൽ വന്ന് രാജിക്കത്തെഴുതിയശേഷം കേന്ദ്രനേതാക്കളെ വിവരമറിയിച്ചെന്നും അവരിടപെട്ട് പ്രശ്‌നം പരിഹരിച്ചെന്നും പറയുമ്പോൾ, ആ രാജിക്കത്ത് എഴുതിക്കൊടുത്തത് താനാണെന്നും അതിനാലാണ് താനിക്കാര്യം അറിഞ്ഞതെന്നുംകൂടി രാമചന്ദ്രൻ എഴുതിയിരുന്നെങ്കിൽ ഒരു ഗുമ്മുണ്ടാകുമായിരുന്നു. വാർത്തയിലെ സുപ്രധാനകാര്യം വ്യക്തമാക്കുന്ന വാചകമാണ് കിടിലോൽക്കിലൻ: 'സംഭവം എന്നുണ്ടായി എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും, ഐസക് കുറേ നാളായി തുടരുന്ന മൗനം ആരംഭിച്ച ദിവസത്തിനു തലേന്നായിരുന്നു സംഭവം എന്ന് ഊഹിക്കുന്നതാണ് എളുപ്പം.' എങ്ങനുണ്ട്? ഐസക് മൗനം തുടങ്ങിയതെന്നാണെന്നു ചോദിച്ചാൽ സംഭവത്തിന്റെ പിറ്റേന്നുമുതലാണെന്നുകൂടി ഒന്നൂഹിക്കാമായിരുന്നു. ഫെയ്‌സ് ബുക്കിൽ ഉൾപ്പെടെ സ്ഥിരസാന്നിധ്യമായ, പൊതുയോഗങ്ങളിൽ ഏറ്റെടുത്തത് ഒന്നും മുടക്കാത്ത, എല്ലാ മന്ത്രിസഭാ യോഗങ്ങളിലും പങ്കെടുക്കുന്ന, സർക്കാർ നിശ്ചയിച്ചു നൽകിയ പരിപാടികളിലെല്ലാം മുടക്കംകൂടാതെ പങ്കെടുക്കുന്ന തോമസ് ഐസക് മൗനത്തിലാണെന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനമാണ് അറിയാത്തത്.

എന്തായാലും ഇവരൊക്കെ കേരളത്തിലെ ഇന്നത്തെയും നാളത്തെയും മുതിർന്ന മാദ്ധ്യമപ്രവർത്തകരാണല്ലോ എന്നോർക്കുമ്പോൾ പത്രപ്രവർത്തനം പഠിക്കാത്ത ഇതുവരെ മുതിരാത്ത എനിക്കൊക്കെ ഉണ്ടാകുന്ന ആത്മാഭിമാനം വളരെ വലുതാണ്.