ബെംഗലൂരു: ക്യാമ്പസ് റിക്രൂട്ട്‌മെന്റുകൾക്ക് കമ്പനികൾ വിടപറയുന്നുവെന്ന സൂചനയാണ് ഐടി ഭീമനായ ടിസിഎസിൽ നിന്നും ലഭിക്കുന്നത്. വർഷങ്ങളായി പുതിയ ടെക്കികൾക്ക് വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയെന്നത് പൊളിച്ചെഴുതി റെക്കോർഡ് കുറിക്കുകയാണ് ടിസിഎസ്.പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വരെ പ്രതി വർഷം ആറര ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന വാർത്തകൾ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി സ്വപ്‌നം കാണുന്നവർക്ക് പ്രചോദനം നൽകുകയാണ്.എന്നാൽ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന രീതിക്ക് മാറ്റമുണ്ടാകും. നേരത്തെ ക്യാമ്പസ് റിക്രൂട്ടമെന്റായിരുന്നെങ്കിൽ ഇനി മുതൽ ഓൺലൈൻ പരീക്ഷയലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

തിരഞ്ഞെടുപ്പ് രീതി അടിമുടി മാറ്റി ടിസിഎസ്

ടിസിഎസിലേക്ക് ക്യാമ്പസിൽ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ഇന്ത്യയിലെ മുഴുവൻ എഞ്ചിനീയറിങ് ബിരുധധാരികൾക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള ഓൺലൈൻ പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള റിക്രൂട്ട്മെന്റ് രീതിയാകും ടി.സി.എസ് അവലംബിക്കുക. രാജ്യത്തെ മുഴുവൻ എഞ്ചിനീയറിങ് ബിരുദധാരികൾക്കും തുല്യ അവസരം നൽകുന്നതിനും മിടുക്കരായവരെ കണ്ടെത്തുന്നതിനുമാണ് നാഷണൽ ക്വാളിഫയർ ടെസ്റ്റ് എന്ന പേരിൽ ഓൺലൈൻ പരീക്ഷാ രീതി അവലംബിച്ചിരിക്കുന്നത്.

നിലവിൽ 370 കോളജുകളിലാണ് ടിസിഎസ് കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എന്നാൽ, ഓൺലൈൻ രീതിയിലേയ്ക്ക് മാറുമ്പോൾ ഇന്ത്യയിലെ നൂറ് നഗരങ്ങളിൽ നിന്നായി 2000 കോളജുകൾക്ക് അവസരം ലഭിക്കും.ഇതിനോടകം 280000 വിദ്യാർത്ഥികൾ ഓൺലൈൻ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നതായും 175 ശതമാനം വർധനവാണ് രജിസ്ട്രേഷനിൽ ഉണ്ടായിരിക്കുന്നതെന്നും ടി.സി.എസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇത് ഒരുലക്ഷമായിരുന്നു. ഓൺലൈൻ പരീക്ഷയ്ക്ക് ശേഷം വീഡിയോ അഭിമുഖം, മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പുതിയ റിക്രൂട്ട്മെന്റ് രീതി ഗുണം ചെയ്യുമെന്ന നിരീക്ഷണത്തിലാണ് ഇവർ.