തിരുവനന്തപുരം: അദ്ധ്യാപകരെ തോപ്പു ജോലിക്കാരാക്കിയുള്ള ഇടതു സർക്കാരിന്റെ നയം നടപ്പാക്കൽ വിവാദത്തിലേക്ക്. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരെയാണ് മറ്റ് സർക്കാർ സ്‌കൂളുകളിൽ തൂപ്പുജോലിക്കാരായി നിയമിച്ചത്. മുന്നൂറോളം അദ്ധ്യാപകരാണ് ഇത്തരത്തിൽ തൂപ്പുജോലിക്കാരായി മാറിയത്. പാവപ്പെട്ട അദ്ധ്യാപകരുടെ ജീവിത സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് നക്കാപ്പിച്ച ഉറപ്പാക്കുന്ന തരത്തിലേക്ക് ഈ തീരുമാനം വിലയിരുത്തപ്പെടും.

മാർച്ചിൽ സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട അദ്ധ്യാപകർക്കാണ് സ്വീപ്പർ തസ്തികയിൽ പാർട്ട്ടൈം, ഫുൾടൈം നിയമനം നൽകിയത്. ഏറെ കുട്ടികൾക്ക് അറിവ് പകർന്ന് നൽകിയവാണ് ഇവർ. ആ പരിഗണന സർക്കാർ നൽകിയില്ല. ക്ലറിക്കൽ ജോലി പോലും നൽകാതെ അവരെ തൂപ്പുകാരാക്കി. വർഷങ്ങൾ ഏകാധ്യാപക സ്‌കൂളിൽ അദ്ധ്യാപകരായിരുന്ന അവർ ഒറ്റ വർഷം കൊണ്ട് തൂപ്പുകാരായി. ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു.

ജീവിത ഗതികേട് കൊണ്ട് ഇവരെല്ലാം ആ ജോലി ഏറ്റെടുത്തു. ഏകാധ്യാപക വിദ്യാലയങ്ങളിൽ ഇവർ വിദ്യാവൊളന്റിയർ തസ്തികയിൽ താത്കാലിക അദ്ധ്യാപകരായിരുന്നു. സ്വീപ്പർ തസ്തികയിൽ സ്ഥിരനിയമനമാണ് എന്നത് ആശ്വാസമാണെങ്കിലും അദ്ധ്യാപനത്തിൽനിന്ന് തൂപ്പുജോലിയിലേക്കുള്ള മാറ്റം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. 24 വർഷംവരെ അദ്ധ്യാപകരായിരുന്നവരും കൂട്ടത്തിലുണ്ട്. ഇവരുടെ അദ്ധ്യാപന മികവ് നിരവധി മിടുക്കരെ സൃഷ്ടിച്ചെടുത്തതാണ്. ഇത് അംഗീകരിക്കാതെയാണ് അവർക്കു പുതിയ ജോലി നൽകിയത്.

ആദിവാസിമേഖലകളിലടക്കം പ്രവർത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂട്ടിയത്. ഇവിടങ്ങളിലെ വിദ്യാർത്ഥികളെ അടുത്തുള്ള സർക്കാർ സ്‌കൂളുകളിലേക്കു മാറ്റി. ദൂരസ്ഥലങ്ങളിലെ സ്‌കൂളുകളിലേക്കു പോകേണ്ട കുട്ടികൾക്ക് ഹോസ്റ്റൽസൗകര്യവും ഒരുക്കി. ആദിവാസി മേഖലയിലെ സാമൂഹിക മുന്നേറ്റത്തിന് നിർണ്ണായക പങ്ക് വഹിച്ചത് ഏകാധ്യാപക വിദ്യാലയങ്ങളാണ്. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പോരാട്ടം നടത്തിയ അദ്ധ്യാപകർ. അങ്ങനെ സാമൂഹിക പരമായി ഈ അദ്ധ്യാപകർ നടത്തിയത് വലിയ ഉത്തരവാദിത്തമായിരുന്നു.

സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങളിലായി 344 അദ്ധ്യാപകരാണുള്ളത്. 27 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയിട്ടില്ല. ഈ സ്‌കൂളുകളുടെ കാര്യത്തിൽ സർക്കാർനിർദ്ദേശം അനുസരിച്ചായിരിക്കും തുടർനടപടി. സമ്മതപത്രം എഴുതിനൽകിയാണ് അദ്ധ്യാപകർ സ്വീപ്പർ തസ്തികയിൽ പ്രവേശിക്കുന്നത്. ഏകാധ്യാപകർ ആയിരുന്നപ്പോൾ കിട്ടിയ ശമ്പളത്തെക്കാൾ കൂടുതൽ സ്വീപ്പർ തസ്തികയിൽ ലഭിക്കും. ജോലി നഷ്ടപ്പെടുന്നവർക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് വാഗ്ദാനംനൽകിയിരുന്നു. പക്ഷേ ഇതൊന്നും നടന്നില്ല.

സെറ്റ് ഉൾപ്പെടെ പാസായവരും കൂട്ടത്തിലുണ്ട്. പ്രൈമറിവിദ്യാഭ്യാസം എല്ലായിടത്തും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1997-ലാണ് ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷൻ പ്രോജക്ടിന്റെ (ഡി.പി.ഇ.പി.) ഭാഗമായി സംസ്ഥാനത്തുടനീളം ഏകാധ്യാപക വിദ്യാലയങ്ങൾ തുറന്നത്. ശിവൻകുട്ടിയാണ് വിദ്യാഭ്യാസ മന്ത്രി. അദ്ദേഹത്തിന്റെ വകുപ്പിന്റെ തീരുമാനമാണ് ഏകാധ്യാപക അദ്ധ്യാപകരെ തൂപ്പുകാരാക്കി മാറ്റുന്നത്.