യാമ്പു: യാമ്പുവിലെ അൽമനാർ ഇന്റർ നാഷനൽ സ്‌കൂളിൽ മലയാളം അദ്ധ്യാപികയായിരുന്നു ലൈലസതീഷിന്റെ മരണ വാർത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹവും സഹപ്രവർത്തകരും. ബുധനാഴ്ച പുലർച്ചെയാണ് ആലുവ അങ്കമാലിക്കടുത്തുണ്ടായ വാഹനാപകടത്തിൽ യാമ്പുവിലെ സ്‌കൂൾ അദ്ധ്യാപികയായ ലൈല സതീഷ് കൊല്ലപ്പെട്ടത്.

ഈ മാസം 18 ന് മകളുടെ വിവാഹം തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് നാട്ടലെത്തിയതാ യിരുന്നു ഇവർ. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. എട്ട് വർഷമായി കുടുംബത്തോടൊപ്പം യാമ്പുവിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. ഭർത്താവ് സതീഷ് ബാബു യാമ്പുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. യാമ്പുവിൽ തന്നെ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മകൻ റിലീഷ് ബാബുവിനെ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്? പുറപ്പെട്ടതായിരുന്നു കുടുംബം. സതീഷ് ഓടിച്ച വാഹനം അങ്കമാലിക്കടുത്ത് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായ പരിക്കേറ്റ ടീച്ചറെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു. ബി.ഡി.എസ് പൂർത്തിയാക്കി മംഗളൂരു ഡെന്റൽ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ മകൾ ആര്യയുടെ വിവാഹം ബാംഗ്ലൂർ സ്വദേശിയായ ഡോ. രോഹിതുമായി നടക്കാനിരിക്കെയാണ് ടീച്ചറുടെ മരണം. ഏഴു വർഷമായി അൽമനാർ സ്‌കൂളിലാണ് ലൈല ടീച്ചർ ജോലി ചെയ്യുന്നത്.