കണ്ണൂർ: ആർഭാട ജീവിതത്തിനു വേണ്ടി റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തി. പലപ്പോഴും അവധിയെടുത്തുള്ള സംസ്ഥാനം വിട്ടുള്ള സുഖയാത്രയും. ഒരു കോടി രൂപ വഞ്ചിച്ച കേസിൽ അദ്ധ്യാപിക അറസ്റ്റിലായി. അഴീക്കോട് മീൻകുന്ന് ഹൈസ്‌ക്കൂൾ അദ്ധ്യാപികയും കണ്ണൂർ ബല്ലാർഡ് റോഡിലെ കാൻഡിഡ് അപ്പാർട്ട്മെന്റ് താമസക്കാരിയുമായ കെ.എൻ ജ്യോതിയെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.

അഴീക്കോട് സ്വദേശിയും മുൻ പ്രവാസിയുമായ മുകുന്ദന് സ്ഥലം നൽകാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. തളിപ്പറമ്പ് പൂവത്ത് ഒന്നര ഏക്കർ സ്ഥലം വാഗ്ദാനം ചെയ്താണ് മുകുന്ദനെ വഞ്ചിച്ചത്. ഇതിന് സമാനമായ മറ്റ് ചില കേസുകളും ജ്യോതിയുടെ പേരിലുണ്ടെന്ന് പൊലീസ് പറയുന്നു.

ആഡംബര ജീവിതം നയിച്ചു വരുന്ന ജ്യോതി തമിഴ് നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, വെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇടക്കിടെ സഞ്ചരിക്കാറുണ്ട്. ഇതിനായി കണ്ണൂരിൽ നിന്നും ടാക്സി വിളിച്ചാണ് പോകാറ്. ടാക്സിക്കാരനായ കണ്ണൂർ ടൗണിലെ അയൂബിന്റെ കാറിലാണ് സഞ്ചാരം. അയൂബിന് ഡീസലടിക്കാനുള്ള പണം മാത്രമാണ് നേരിട്ട് നൽകാറ്. ബാക്കി തുക ചെക്കായാണ് നൽകുക. ഇങ്ങനെ പണമില്ലാതെ ചെക്ക് മടങ്ങിയ ഇനത്തിൽ അയൂബിന് മാത്രം 4 ലക്ഷം രൂപ നൽകാനുണ്ട്.

കതിരൂർ സ്വദേശിയായ കുഞ്ഞികൃഷ്ണനും ജ്യോതിയുടെ തട്ടിപ്പിൽ കുടുങ്ങിയ ഹതഭാഗ്യനാണ്. സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ടതിൽ മനം നൊന്ത് കണ്ണൂരിലെ ഒരു ലോഡ്ജിൽ കുഞ്ഞികൃഷ്ണൻ ജീവനൊടുക്കുകയായിരുന്നു.

1995 ൽ അദ്ധ്യാപികയായി സേവനം ആരംഭിച്ചതോടെയാണ് ജ്യോതി റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ആരംഭിച്ചത്. സ്വത്ത് വാങ്ങി മറിച്ച് വിൽപ്പന നടത്തുന്നതിനിടയിൽ കൈവരുന്ന പണം ആർഭാടത്തിനും സഞ്ചാരത്തിനുമായി വിനിയോഗിച്ചു. ഇത് വൻ സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ചു വരുത്തി. ഇതോടെയാണ് ഇവർ തട്ടിപ്പിലേക്ക് തിരിഞ്ഞത്.

ഫ്ളാറ്റുകളിൽ മാറി മാറി താമസിച്ചാണ് തട്ടിപ്പ് തുടർന്നത്. ഭർത്താവും രണ്ട് മക്കളുമുണ്ട്. ഒരു മകൻ മെഡിസിനും മറ്റൊരാൾ എഞ്ചിനീയറിങിനും മംഗലാപുരത്ത് പഠിക്കുകയാണ്. ഇതിനുള്ള പണവും തട്ടിപ്പിലൂടേയാണ് കണ്ടെത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വഞ്ചനാ കുറ്റത്തിന് മറ്റ് രണ്ട് കേസുകളും ജ്യോതിയുടെ പേരിലുണ്ട്.