മങ്കട : വിദ്യാർത്ഥികളിലെ ഒളിഞ്ഞ് കിടക്കുന്ന കഴിവുകൾ കണ്ടെത്തി ആവശ്യമായ ശിക്ഷണവും മാർഗനിർദേശങ്ങളും നൽകി വളർത്തുന്ന അദ്ധ്യാപകർ തലമുറകളുടെ ശിൽപ്പികളാണെന്നും ലോകം അദ്ധ്യാപകരോട് കടപ്പെട്ടവരാണെന്നും വിദ്യാഭ്യാസ വിചക്ഷണനും മീഡിയ പ്ളസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിലെ അദ്ധ്യാപക ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക് മാധ്യമങ്ങളോ ഗൂഗിൾ ആപ്പുകളോ അദ്ധ്യാപകർക്ക് പകരമാവില്ല. വിഞ്ജാനം പകരുക മാത്രമല്ല. അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് സമൂഹത്തെ നയിക്കുക എന്ന മഹത്തായ ദൗത്യമാണ് അദ്ധ്യാപകർ നിർവ്വഹിക്കുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസവും വൈഞ്ജാനിക വിസ്്ഫോടനവും സംഭവിക്കുന്ന സമകാലിക സമൂഹത്തിൽ അദ്ധ്യാപകരുടെ പ്രാധാന്യം നാൾക്ക് നാൾ വർദ്ധിക്കുകയാണ് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു.

പഠനം ആസ്വാദ്യകരമായ അനുഭവമാക്കി വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ ശ്രമിക്കുകയാണ് അദ്ധ്യാപകർ ചെയ്യേണ്ടത്. ഇത്തരത്തിലുള്ള അദ്ധ്യാപകരെ വിദ്യാർത്ഥി സമൂഹം എന്നും നെഞ്ചേറ്റുമെന്നതാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.
അറിവിന്റെ നിറവും നിലാവും നന്മയിൽ ചാലിച്ച് സമൂഹത്തിന്റെ സാംസ്‌കാരികവും ധാർമ്മികവുമായ വളർച്ചക്ക് ശ്രമിക്കുന്ന അദ്ധ്യാപക സമൂഹം പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണ്. അദ്ധ്യാപകരെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കുവാനും ആദരിക്കുവാനും സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അദ്ധ്യാപക ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ സിന്ധ്യ ഐസക്, ഇംഗ്ലീഷ് ഫാക്കൽറ്റി അബ്ദുല്ല സംസാരിച്ചു. നേരത്തെ സ്‌ക്കൂൾ ബാൻഡ് അദ്ധ്യാപകർക്ക് അഭിവാദ്യമർപ്പിക്കുകയും വിദ്യാർത്ഥികൾ അദ്ധ്യാപകർക്ക് സമ്മാനങ്ങളും പൂക്കളും നൽകി സനേഹം പ്രകടിപ്പിക്കുകയും ചെയ്തു. വൈവിധ്യമാർന്ന കലാ, സാംസ്‌കാരിക പരിപാടികൾ അദ്ധ്യാപക ദിനാഘോഷത്തിന് മാറ്റ് കൂട്ടി. മുതിർന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ റോൾ അഭിനയിക്കുകയും ക്ലാസുകൾ നിയന്ത്രിക്കുകയും ചെയ്തതോടെ അദ്ധ്യാപക ദിനാചരണം സജീവമാകുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരു പോലെ അനുഭവവേദ്യമാകുകയും ചെയ്തു.