ദോഹ: അദ്ധ്യാപകർ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും സമൂഹത്തിന്റെ ക്ഷേമശൈ്വര്യ പൂർണമായ വളർച്ചാവികാസത്തിനായി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളെന്ന നിലയ്ക്ക് അദ്ധ്യാപകരെ സമൂഹം വേണ്ടരീതിയിൽ പരിഗണിക്കണമെന്നും അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ അഡ്‌വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസ് ബ്രില്ല്യന്റെ എഡ്യൂക്കേഷൻ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത പ്രസംഗകർ അഭിപ്രായപ്പെട്ടു.

ഇൻകാസ് പ്രസിഡണ്ട് കെ.കെ. ഉസ്മാൻ സെമിനാർ ഉദ്ഘാടനം ചെയ്തു.  മീഡിയ പഌസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, ബ്രില്ല്യന്റ് എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്,  സ്പീഡ് ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ്, ഫാലഹ് നാസർ ഫൗണ്ടേഷൻ ജനറൽ മാനേജർ കെ.വി. അബ്ദുല്ലക്കുട്ടി, അബ്ദുൽ ഫത്താഹ് നിലമ്പൂർ സംസാരിച്ചു. ബ്രില്ല്യന്റ് എഡ്യൂക്കേഷൻ സെന്ററിലെ അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. സെമിനാറിൽ വിഷയമവതരിപ്പിച്ച് ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി സംസാരിച്ചു.

സമൂഹത്തിന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ വളർച്ചാ വികാസത്തിന് നേതൃത്വം നൽകുകയും ധാർമിക സനാതന നൈതിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നവരുമായ അദ്ധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കാനും സാമൂഹ്യ സാംസ്‌കാിരിക വിദ്യാഭ്യാസ മേഖലകളിലെ അമൂല്യ സംഭാവനകളെ  വിലയിരുത്താനുമുള്ള സവിശേഷ ദിനമാണ്  അദ്ധ്യാപക ദിനം. പ്രശസ്തനായ  അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി ലോകത്തെമ്പാടുമുള്ള ഇന്ത്യൻ സമൂഹം ആചരിക്കുന്നത്. ഡോ. എസ്. രാധാകൃഷ്ണൻ ഇന്ത്യയുടെ യശസ്സ് ഉയർത്തുകയും ഭാരതീയ തത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ  ശ്രദ്ധേയമായ പങ്കുവഹിച്ച മഹാനായ അദ്ധ്യാപകനും തത്വചിന്തകനുമായിരുന്നു.