- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടി; വ്യത്യസ്ത പ്രതികരണവുമായി അദ്ധ്യാപക സംഘടനകൾ; സർക്കാറിനൊപ്പമെന്ന് കെ.എസ്.ടി.എ; പട്ടിക പുറത്തുവിടണമെന്ന് കെ.പി.എസ്.ടി.എ; ബോധവത്കരണം വേണമെന്ന് കെ.എസ്.ടി.യു
തിരുവനന്തപുരം: വാക്‌സിനെടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടി കർശനമാക്കുമെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തിൽ പ്രതികരണവുമായി അദ്ധ്യാപക സംഘടനകൾ രംഗത്ത് വന്നു.വ്യത്യസ്ത പ്രതികരണമാണ് ഒരോ സംഘടനകളും വ്യക്തമാക്കിയത്. സർക്കാർ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് ഇടത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ വ്യക്തമാക്കി. അതേസമയം, വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പട്ടിക ആദ്യം പുറത്തുവിടണമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി പറയുന്ന കണക്ക് കള്ളമാണെന്നായിരുന്നു ലീഗ് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.യുവിന്റെ അഭിപ്രായം.
വാക്‌സിനെടുക്കാത്തവരുടെ പേര് പുറത്തുവിടാതെ അദ്ധ്യാപകരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് കെ.പി.എസ്.ടി.എ ചൂണ്ടിക്കാട്ടിയത്. ആരോഗ്യകാരണങ്ങളാൽ മാറിനിൽക്കുന്നവർ ചുരുക്കം പേർ മാത്രമാണെന്നും അവർക്ക് ബോധവത്കരണം നൽകാൻ തയാറാണെന്നും കെ.എസ്.ടി.യു വ്യക്തമാക്കി.
അതേസമയം വാക്‌സീനെടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു.വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകരും അനധ്യാപകരും വാക്‌സീൻ എടുക്കണമെന്നും വാക്‌സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും മന്ത്രി പറഞ്ഞു.
മാർഗരേഖ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും മന്ത്രി പറഞ്ഞു. വാക്‌സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ