കോഴിക്കോട്: അൺ- എയ്ഡഡ് സ്‌കൂളിൽ നിന്ന് അദ്ധ്യാപകരെ അന്യായമായി പിരിച്ചുവിട്ടതായി പരാതി. മാത്തറ കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ എച്ച് എസ് എസിലെ അദ്ധ്യാപകരാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടുവർഷത്തിനിടെ 10 അദ്ധ്യാപകരെ പിരിച്ചുവിട്ടെന്നാണ് പരാതി.

ഗൂഗിൾ മീറ്റ് വഴി ചേർന്ന സ്റ്റാഫ് മീറ്റിങിൽ മുന്നറിയിപ്പില്ലാതെ നാലു അദ്ധ്യാപകരെ പിരിച്ചുവിട്ടതായി പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. ഇതിൽ ഒരാളെ പിന്നീട് തിരിച്ചെടുത്തു. പിന്നീട് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ ടെർമിനേഷൻ മരവിപ്പിച്ചിരിക്കുകയാണ്. ഏഴുപേരെ കഴിഞ്ഞവർഷവും പിരിച്ചുവിട്ടു. സീനിയോരിറ്റി പാലിക്കാതെയാണ് മാനേജ്മെന്റ് പിരിച്ചുവിട്ടതെന്നും 24 വർഷം സർവ്വീസുള്ളവർ വരെ പിരിച്ചു വിടപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നും സ്റ്റാഫ് സെക്രട്ടറി എൻ എസ് ബിജി, അദ്ധ്യാപികമാരായ ഇ കദീജ, എം നസീറ, കെ റഫ്സ, പിടി നസീമ ബാനു എന്നിവർ പറഞ്ഞു.

സ്‌ക്കൂളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗം പേരും സി ഐ ടി യു അഫിലിയേഷനുള്ള കെയു എസ് ടി യുവിൽ അംഗങ്ങളാണ്. പി എഫ് കൃത്യമായി അടയ്ക്കുന്നില്ലെന്നും കോവിഡ് കാലത്ത് ആരെയും പിരിച്ചു വിടരുതെന്ന സർക്കാർ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ധ്യാപകർ ആരോപിക്കുന്നു. ഇതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചു. കുട്ടികൾ കുറഞ്ഞതിനെത്തുടർന്നാണ് അദ്ധ്യാപകരെ പിരിച്ചുവിടേണ്ടി വന്നതെന്നും നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാമെന്ന് ധാരണയായതാണെന്നും ഇക്കാര്യത്തിൽ യൂനിയനുമായുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും സ്‌കൂൾ സെക്രട്ടറി സെക്കരിയ അറിയിച്ചു.