ഡബ്ലിൻ: രാജ്യത്തെ 350 സ്‌കൂളുകളുടെ പ്രവർത്തനം നിശ്ചലമാക്കിക്കൊണ്ട് ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലണ്ട് ഈ മാസം പണിമുടക്കുന്നു. ഫെബ്രുവരി 23നോ 24നോ ആയിരിക്കും ടീച്ചർമാർ പണിമുടക്കുന്നത് എന്നാണ് റിപ്പോർട്ട്. തിയതി കൃത്യമായി തീരുമാനിച്ചിട്ടില്ലെങ്കിലും പണിമുടക്കിനെ തുടർന്ന് സെക്കൻഡറി തലത്തിലുള്ള രാജ്യത്തെ പകുതിയോളം കുട്ടികൾക്ക് അന്ന് വീട്ടിലിരിക്കാം.

എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ബോർഡി(ഇടിബി)ന്റെയും കമ്യൂണിറ്റി ആൻഡ് കോംപ്രഹെൻസീവ് സെക്ടറിന്റേയും കീഴിലുള്ള സ്‌കൂളുകളെ ടീച്ചർമാരുടെ പണിമുടക്ക് ബാധിച്ചേക്കാം. യൂണിയന് ഇവിടങ്ങളിൽ അംഗങ്ങളുള്ളതുകൊണ്ടാണിത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ സ്‌കൂളുകൾക്കും ടീച്ചർമാർക്കും ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക വെട്ടിച്ചുരുക്കലുകൾക്കെതിരേയാണ് ടീച്ചർമാർ പണിമുടക്ക് നടത്തുന്നത്.

സ്‌കൂളുകളിൽ നടത്തുന്ന സാമ്പത്തിക വെട്ടിച്ചുരുക്കലുകൾ വിദ്യാഭ്യാസ ഗുണമേന്മയെ ബാധിക്കുന്നുണ്ടെന്നും ഇതിനെതിരേ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഉടനടി പരിഹാരം കാണണമെന്നുമാണ് യൂണിയൻ സെക്രട്ടറി മക്ഗ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പുതുതായി അദ്ധ്യാപകരെ കാഷ്വൽ ജീവനക്കാരായി നിയമിക്കുന്നതിനെയും യൂണിയൻ ചോദ്യം ചെയ്തു. 2012-നു മുമ്പ് ജോലിക്ക് ചേർന്നവരെക്കാൾ കുറഞ്ഞ ശമ്പളത്തിനാണ് പുതുതായി ചേർന്ന അദ്ധ്യാപകർ ജോലി ചെയ്യുന്നതെന്നും ഈയവസ്ഥയ്ക്ക് മാറ്റം വരണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.