ഡബ്ലിൻ: മോശം ടീച്ചർമാർ ഇനി സൂക്ഷിക്കേണ്ട കാലമാണ് വരാൻ പോകുന്നത്. പഠിപ്പിക്കൽ ഇഷ്ടമായില്ലെങ്കിൽ കുട്ടികൾ ടീച്ചർമാരെ കുറിച്ച് പരാതി പറഞ്ഞാൽ രജിസ്‌ട്രേഷൻ നഷ്ടമാകുന്ന തരത്തിൽ പുതിയ സംവിധാനം നിലവിൽ വരുന്നു. ഡോക്ടർമാർക്കും മറ്റും മെഡിക്കൽ കൗൺസിൽ എന്ന പോലെ ടീച്ചർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ടീച്ചിങ് കൗൺസിൽ ആക്ട് നിലവിൽ വരുന്നു.

ടീച്ചർമാരുടെ മോശം പ്രകടനമോ പെരുമാറ്റമോ ആരെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അവർക്കെതിരേ ഇനി നടപടികൾ സ്വീകരിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം നിലവിൽ വരാൻ പോകുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരുന്നത്. ടീച്ചർക്കെതിരേയുള്ളത് ശക്തമായ പരാതിയാണെങ്കിൽ അയർലണ്ടിൽ സ്റ്റേറ്റ് ഫണ്ടണ്ട് മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷൻ ടീച്ചർക്ക് നഷ്ടമാകുകയും ചെയ്യും.

ഇത്തരത്തിൽ രാജ്യവ്യാപകമായി വർഷം 30 ടീച്ചർമാർക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംവിധാനം നടപ്പിലാകുന്നതിന് മുന്നോടിയായി അടുത്ത വർഷം ആദ്യം മുതൽ ടീച്ചർമാർക്ക് ഫിറ്റ്‌നസ് ടു ടീച്ച് പദ്ധതി നടപ്പാക്കും. ടീച്ചിങ് കൗൺസിൽ നിയമിക്കുന്ന പാനൽ ആയിരിക്കും ടീച്ചർമാർക്കെതിരേയുള്ള പരാതി കൈകാര്യം ചെയ്യുന്നത്.