- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം; ശിഖർ ധവാനും ശ്രേയസ് അയ്യർക്കുമടക്കം മൂന്ന് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു; ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനും രോഗബാധ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ആറാം തീയതി ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം. മൂന്ന് താരങ്ങളടക്കം ആറ് പേർ കോവിഡ് പോസിറ്റീവായി. ശിഖർ ധവാൻ , ശ്രേയസ് അയ്യർ , റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട താരങ്ങൾ എന്നാണ് ദേശീയ മാധ്യമമായ എൻഡിടിവിയുടെ റിപ്പോർട്ട്. ഇതോടെ പരമ്പര അനിശ്ചിതത്വത്തിലായി.
ശിഖർ ധവാൻ സീനിയർ ഓപ്പണറും റുതുരാജ് ഗെയ്ക്വാദ് റിസർവ് ഓപ്പണറും ശ്രേയസ് അയ്യർ മിഡിൽ-ഓർഡർ ബാറ്ററുമാണ്. പരമ്പരയ്ക്കായി ജനുവരി 31നാണ് ഇന്ത്യൻ താരങ്ങൾ അഹമ്മദാബാദിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് കണ്ടെത്തിയത്.
രണ്ട് ടീമുകളും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്, എന്നാൽ വെവ്വേറെ നിലകളിലാണ്. അടുത്ത നടപടി തീരുമാനിക്കുന്നതിന് മുമ്പ് വ്യാഴാഴ്ച രാവിലെ മറ്റൊരു റൗണ്ട് ടെസ്റ്റ് നടത്താനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് അറിയുന്നത്. രോഗം സ്ഥിരീകരിച്ചവരെ അവരുടെ മുറികളിൽ ഐസൊലേഷനിൽ പാർപ്പിക്കും. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഏഴ് ദിവസത്തെ ഐസൊലേഷൽ താരങ്ങൾ തുടരും.
അഹമ്മദാഹാദിൽ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊൽക്കത്തയിൽ 16, 18, 20 തിയതികളിൽ ട്വന്റി 20 മത്സരങ്ങൾ നടക്കും.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിനായാണ് താരങ്ങൾ അഹമ്മദാബാദിൽ എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം.
ബിസിസിഐ മെഡിക്കൽ ടീം സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ. പരമ്പര നീട്ടിവെയ്ക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. താരങ്ങൾക്ക് രോഗബാധയുണ്ടായാൽ ഉൾപ്പെടുത്താൻ റിസർവ് താരങ്ങളെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. നിലവിൽ ഗോവയിൽ പുരോഗമിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലും താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടക്കം താരങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഏതാനും മത്സരങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നു.
ഇന്ത്യ ഏകദിന ടീം: രോഹിത് ശർമ്മ, കെ എൽ രാഹുൽ, റുതുരാജ് ഗെയ്ക്വാദ്, ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹർ, ഷർദ്ദുൽ ഠാക്കൂർ, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ.
വിൻഡീസ് ഏകദിന ടീം: കീറോൺ പൊള്ളാർഡ്, ഫാബിയൻ അലൻ, ക്രൂമ ബോന്നർ, ഡാരൻ ബ്രാവോ, ഷംമ്ര ബൂക്സ്, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകീൽ ഹൊസെയ്ൻ, അൽസാരി ജോസഫ്, ബ്രൻഡൺ കിങ്, നിക്കോളാസ് പുരാൻ, കെമർ റോച്ച്, റൊമാരിയോ ഷെഫേർഡ്, ഒഡീൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ്.


