മുംബൈ: ഐപിഎൽ ക്രിക്കറ്റ് പൂരം കഴിഞ്ഞു. കിരീടവുമായി ഗുജറാത്ത് ടൈറ്റൻസ് പോകുകയും ചെയ്തു. എന്നാൽ ഒന്ന് മയങ്ങാൻ പോലും ഇന്ത്യൻ താരങ്ങൾക്ക് ഇനി നേരമില്ല. താരങ്ങളെ തേടി വരികയാണ് മാരത്തൺ ക്രിക്കറ്റ് പരമ്പരകൾ. ട്വന്റി 20 ലോകകപ്പിന് മുമ്പെ തിരക്കിട്ട ഷെഡ്യൂളാണ് രോഹിത് ശർമ്മയെയും സംഘത്തെയും കാത്തിരിക്കുന്നത്. എന്നാൽ ഒരേ സമയം നടക്കുന്ന ചില പരമ്പരകൾ യുവതാരങ്ങൾക്ക് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജൂണിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയോടെയാണ് ആറ് മാസം നീളുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ തുടക്കം. ടീം ഇന്ത്യ പിന്നാലെ അയർലൻഡിലേക്ക് പറക്കും. അതേ സമയം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പരയും വരുന്നു. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവിടങ്ങളിലും പര്യടനം നടത്തും. പിന്നാലെ ഏഷ്യാ കപ്പും ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയും ലോകകപ്പിന് മുമ്പ് അരങ്ങേറും.

ജൂണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് ടി20കളുടെ പരമ്പരയാണ് നാട്ടിൽ ടീം ഇന്ത്യ കളിക്കുന്നത്. ഇതിന് ശേഷം ജൂണിൽ തന്നെ രണ്ട് ട്വന്റി 20 മത്സരങ്ങൾ അയർലൻഡിലും ഇംഗ്ലണ്ടിൽ ജൂൺ-ജൂലൈ മാസങ്ങളിലായി ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20 കളിക്കും.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20യുമാണ് വെസ്റ്റ് ഇൻഡീസിൽ നടക്കുക. ഓഗസ്റ്റിൽ ശ്രീലങ്കയിൽ രണ്ട് ട്വന്റി 20കൾ. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് അരങ്ങേറുക. സെപ്റ്റംബറിൽ മൂന്ന് ട്വന്റി 20കൾക്കായി ഓസീസ് ടീം ഇന്ത്യയിലെത്തും. ഇതിന് ശേഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ട്വന്റി 20 ലോകകപ്പ് നടക്കുക.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ എൽ രാഹുലാണ് ടീമിനെ നയിക്കുക. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇഷാൻ കിഷൻ, വെറ്ററൻ താരം ദിനേശ് കാർത്തിക് എന്നിവർ ടീമിലെത്തി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പേസ് സെൻസേഷൻ ഉംറാൻ മാലിക്, ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിങ് എന്നിവരേയും ടീമിൽ ഉൾപ്പെടുത്തി. മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കെല്ലാം ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജൂൺ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരം.

തുടർച്ചയായ മത്സരങ്ങൾ വരുന്നതോടെ ഐപിഎല്ലിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച യുവതാരങ്ങൾക്കും ഇന്ത്യൻ ജഴ്‌സി അണിയാൻ അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.