- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാനൽ ചർച്ചയിൽ വീറോടെ വാദിച്ചിട്ടും എഎ റഹിം പടിക്ക് പുറത്ത്; പട്ടികയിലെ സീനിയർ എംഎം മണി; വൈസ് പ്രിൻസിപ്പൾ സ്ഥാനം വേണ്ടെന്ന് വച്ച് മത്സരിക്കുന്ന സെക്രട്ടറിയുടെ ഭാര്യ; പിന്നെ പേരക്കുട്ടി മുതൽ മരുമകൻ വരെ; വെട്ടിമാറ്റിയത് സുധാകരന്റേയും ഐസക്കിന്റേയും മത്സര മോഹം; 'ടീം പിണറായി'യിൽ നിറയുന്നത് ഭരണ തുടർച്ചയോ?
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥിപട്ടികയിൽ ഇടം പിടിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമാണ്. ഈ പേരു മാത്രം ടീം പിണറായിയുടെ പട്ടികയിൽ കണ്ടില്ല. ചാനൽ ചർച്ചകളിൽ സിപിഎമ്മിന് വേണ്ടി വാദമുയർത്തിയ യുവ നേതാവ് എന്തുകൊണ്ട് തഴയപ്പെട്ടുവെന്നതിന് ഉത്തരവും ആരും നൽകുന്നില്ല. കളമശ്ശേരിയിലേക്കും വാമനപുരത്തേക്കും അരുവിക്കരയിലേക്കും റഹിമിന്റെ പേര് ചർച്ച ചെയ്തിരുന്നു. കളമശ്ശേരിക്ക് വേണ്ടി പി രാജീവും വാമനപുരത്തിന് വേണ്ടി സിറ്റിങ് എംഎൽഎയായ ഡി മുരളിയും അരുവിക്കരയിൽ ജി സ്റ്റീഫന് വേണ്ടി സഭയും സമ്മർദ്ദം ചെലുത്തിയപ്പോൾ റഹിം പട്ടികയിൽ നിന്ന് പുറത്ത്. ഇതൊഴിച്ചാൽ പ്രതീക്ഷിച്ച എല്ലാ പേരുകാരും ടിം പിണറായിയിൽ ഉൾപ്പെട്ടുവെന്നതാണ് വസ്തുത.
ലിസ്റ്റിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ഇല്ലാതെ പോയത് യുവജന സംഘടനയ്ക്കു നിരാശയായി. പ്രസിഡന്റ് എസ്. സതീഷിനെ കോഴിക്കോട് ജില്ലയിലും സെക്രട്ടറി എ.എ. റഹീമിനെ തിരുവനന്തപുരം ജില്ലയിലും പരിഗണിക്കുമെന്നു പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഇതേസമയം, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ബാലുശേരിയിൽ സ്ഥാനാർത്ഥിയായി. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിക്കും. പിണറായിയുടെ മരുമകന് ഉറപ്പുള്ള സീറ്റാണ് സിപിഎം നൽകുന്നത്.
സ്ഥാനാർത്ഥിപ്പട്ടികയിൽ പിണറായി മന്ത്രിസഭയിലെ 8 മന്ത്രിമാർ പുറത്തായി. ഇത്രയും ഉന്നതരെ ഒഴിവാക്കി ഇടതു പട്ടിക പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമാണ്. 21 അംഗ സിപിഎം സംസ്ഥാന പാർട്ടി സെന്ററിലെ 8 നേതാക്കളാണ് തിരഞ്ഞെടുപ്പു പോരിന് ഇറങ്ങുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നതാണ് സംസ്ഥാന സെന്റർ. ആ സെന്ററിൽ സംഘടനാ ചുമതലയുണ്ടായിരുന്ന എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ പാർലമെന്ററി രംഗത്തേക്കു മാറുന്നു. പകരം ഇ.പി. ജയരാജൻ, എ.കെ. ബാലൻ, തോമസ് ഐസക് എന്നിവർ സംഘടനാ രംഗത്തേക്കു മടങ്ങും.
2 ടേം നിബന്ധന പ്രാബല്യത്തിലാക്കുന്നതു സംബന്ധിച്ച് നേരത്തെയും സൂചനകൾ നൽകിയിരുന്നുവെങ്കിലും മന്ത്രിമാർ അടക്കമുള്ള ഭൂരിപക്ഷം പേരും അതിൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ സുധാകരനും തോമസ് ഐസക്കും പോലും വെട്ടി നിരത്തപ്പെട്ടു. രാജു എബ്രഹാമിനും എ പ്രദീപ് കുമാറിനും സുരേഷ് കുറുപ്പിനും അയിഷാ പോറ്റിക്കും സീറ്റ് നഷ്ടമായി. ഇതു തന്നെ സിപിഐയിലും നടന്നു. മന്ത്രിമാരായ പി. തിലോത്തമൻ, വി എസ്. സുനിൽകുമാർ, കെ. രാജു എന്നിവരെയാണ് സിപിഐ ഒഴിവാക്കിയത്. ജനപ്രിയ എംഎൽഎമാരും ഒഴിവാക്കപ്പെട്ടവരിൽ പെടും. 33 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്.
കോൺഗ്രസുകാരനും മുസ്ലിം ലീഗുകാരും
സിപിഎമ്മിന്റെ പട്ടികയിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും മുൻഭാരവാഹികളും ഇടംപിടിച്ചു എന്ന കൗതുകവും ഉണ്ട്. മുൻ കെപിസിസി.സെക്രട്ടറി മുതൽ മുസ്ലിം ലീഗിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ് വരെ സിപിഎം സ്ഥാനാർത്ഥികളായി. സുൽത്താൻ ബത്തേരിയിൽ കെപിസിസി മുൻ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായിരുന്ന എം.എസ്.വിശ്വനാഥനാണ് സിപിഎം സ്ഥാനാർത്ഥി. ദിവസങ്ങൾക്ക് മുമ്പാണ് വിശ്വനാഥൻ കോൺഗ്രസ് വിട്ടത്. കുറുമ സമുദായക്കാരനാണ് എം. എസ് വിശ്വനാഥൻ. സമുദായത്തിന് നിർണായക സ്വാധീനമുള്ള ബത്തേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സിറ്റിങ് എംഎൽഎ ഐ.സി ബാലകൃഷ്ണന് തന്നെ സീറ്റ് നൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ തുടർന്നായിരുന്നു എം എസ് വിശ്വനാഥന്റെ രാജി.
കുന്നത്തുനാട്ടിൽ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ള പി.വി.ശ്രീനിജൻ മുൻ യൂത്ത് കോൺഗ്രസ് നേതാവാണ്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകനുംകൂടിയാണ് ശ്രീനിജൻ. ആലുവയിൽ സ്ഥാനാർത്ഥിയായിട്ടുള്ള ഷെൽന നിഷാദ് ആലുവയെ 26 വർഷം നിയമസഭയിൽ പ്രതിനിധാനം ചെയ്ത യു.ഡി.എഫ്. എംഎൽഎ.യായ കെ. മുഹമ്മദാലിയുടെ മരുമകളാണ്. വണ്ടൂരിലെ സിപിഎം സ്ഥാനാർത്ഥി പി.മിഥുന മുസ്ലിം ലീഗിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിട്ടാണ് മിഥുന പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി-വനിതാ സംവരണമായതോടെയാണ് മിഥുനയെ ലീഗ് തിരഞ്ഞെടുത്തത്. 2015-ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കോർഡും മിഥുനക്കുണ്ടായിരുന്നു.
മലപ്പുറത്തെ മറ്റൊരു മണ്ഡലമായ പെരിന്തൽമണ്ണയിൽ സിപിഎം സ്വതന്ത്രനായിട്ട് മത്സരിക്കുന്നത് കെ.പി.മുഹമ്മദ് മുസ്തഫയാണ്. മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദ് മുസ്തഫ മലപ്പുറം മുനിസിപ്പൽ മുൻ ചെയർമാനാണ്.
സീനയർ മണി
ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി എംഎം മണിയാണ്. മന്ത്രി മണിക്ക് 75 വയസ്സായി. ബേബി 27 വയസ്സുകാരനായ എസ്എഫ്‌ഐ സെക്രട്ടറി സച്ചിൻദേവ് ആണ് പ്രായം കുറഞ്ഞ ഇടത് സ്ഥാനാർത്ഥി. മുതിർന്നവരിൽ രണ്ടാമൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ- 75. പട്ടികയിൽ കൂടുതലുള്ളത് 51- 60 പ്രായവിഭാഗത്തിലുള്ളവരാണ്- 33 പേർ. 30 വയസ്സിൽ താഴെ പ്രായമുള്ള 4 പേരും പട്ടികയിൽ ഇടം പിടിച്ചു. ജെയ്ക്ക് സി.തോമസ്, ലിന്റോ ജോസഫ്, പി.മിഥുന എന്നിവരാണ് സച്ചിനെ കൂടാതെ സിപിഎം പട്ടികയിലെ മറ്റു 'േബബിമാർ'
30-40 പ്രായമുള്ള 8 പേർ: എം. വിജിൻ, കെ.വി. സക്കീർ ഹുസൈൻ, പി.പി. സുമോദ്, ഷെൽന നിഷാദ്, ആന്റണി ജോൺ, എം.എസ്. അരുൺകുമാർ, കെ.യു. ജനീഷ്‌കുമാർ വി.കെ. പ്രശാന്ത് എന്നിവരാണ് യുവ സംഘം. 41- 50 പ്രായക്കാർ 13 പേരുണ്ട്. 60 വയസ്സിനു മുകളിലുള്ളവർ 24 പേരും. 83 സ്ഥാനാർത്ഥികളിൽ 42 പേർ ബിരുദധാരികളാണ്. അതിൽ 28 പേർ അഭിഭാഷകർ. പിഎച്ച്ഡിയുള്ള 2 പേരുണ്ട്. ഡോ: കെ.ടി. ജലീലും പ്രഫ. ആർ ബിന്ദുവും. മെഡിക്കൽ ഡോക്ടർമാരും 2 പേർ: ഡോ.ജെ. ജേക്കബും ഡോ. സുജിത് വിജയനും. ആലുവയിലെ സ്ഥാനാർത്ഥി ഷെൽന നിഷാദ് അലിയാണ് സിപിഎം പട്ടികയിലെ ആർക്കിടെക്ട്. വിദ്യാർത്ഥി-യുവജന വിദ്യാർത്ഥി സംഘടനകളിലെ 13 പേർ പട്ടികയിൽ ഉണ്ടെന്ന് എ. വിജയരാഘവൻ അറിയിച്ചു.
ഭാര്യയും മകനും പേരക്കുട്ടിയും മരുമകനും
ഇരിങ്ങാലക്കുടയിലെ സിപിഎം സ്ഥാനാർത്ഥി ആർ. ബിന്ദു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യയാണ്. പഴയ എസ്എഫ്‌ഐ പ്രവർത്തകയും ഇപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ബിന്ദു, 2005 - '10ൽ തൃശൂർ മേയർ ആയിരുന്നു. കേരളവർമ കോളജിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ആർ. ബിന്ദു സ്വയം വിരമിക്കലിനു കത്തു നൽകി.
എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർ അവധിയെടുത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയുണ്ട്. കോളജ് അദ്ധ്യാപികയാണെങ്കിലും നിയമോപദേശം അനുസരിച്ചാണു 3 വർഷം സർവീസ് ബാക്കിനിൽക്കെ ബിന്ദു സ്വയം വിരമിക്കാൻ തീരുമാനിച്ചത്. നേരത്തെ, പ്രിൻസിപ്പലിന്റെ പ്രധാന ചുമതലകൾ നൽകി ബിന്ദുവിനെ വൈസ് പ്രിൻസിപ്പലാക്കാൻ തീരുമാനിച്ചതു വലിയ വിവാദമായിരുന്നു. ആദ്യമായാണു കേരള വർമയിൽ വൈസ് പ്രിൻസിപ്പൽ തസ്തിക ഉണ്ടാക്കുന്നത്. തുടർന്നു പ്രിൻസിപ്പൽ രാജിവച്ചു. ഇതേത്തുടർന്നാണു ബിന്ദുവിനു ചുമതല നൽകിയത്. പ്രിൻസിപ്പൽ നിയമനത്തെച്ചൊല്ലി ഹൈക്കോടതിയിൽ കേസു നിലനിൽക്കുന്നുണ്ട്. മാനേജ്‌മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയിൽ ബിന്ദുവിന് അനുകൂല നിലപാടാണു സ്വീകരിച്ചത്. ഇന്നലെയാണു ബിന്ദു സ്വയം വിരമിക്കൽ കത്തു നൽകിയത്.
ചവറയിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. വി. സുജിത്, അന്തരിച്ച എംഎൽഎ എൻ. വിജയൻ പിള്ളയുടെ മകനാണ്. 2016ൽ എൽഡിഎഫിൽ സിഎംപിക്കു നൽകിയതാണു ചവറ എങ്കിലും വിജയൻ പിള്ള സ്വതന്ത്ര ചിഹ്നത്തിലാണു മത്സരിച്ചത്. പിന്നീട് സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ ഈ സീറ്റ് സിപിഎമ്മിന്റേതായി. ആലത്തൂരിലെ മുൻ സിപിഎം എംഎൽഎ ആർ. കൃഷ്ണന്റെ പേരക്കുട്ടിയാണ് സ്ഥാനാർത്ഥി കെ.ഡി. പ്രസേനൻ. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ശ്രീകൃഷ്ണപുരം മുൻ എംഎൽഎ ഇ.പത്മനാഭന്റെ മകനും മുൻ മലമ്പുഴ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എംപി. കുഞ്ഞിരാമന്റെ പേരക്കുട്ടിയുമാണ് പാലക്കാട്ടെ സ്ഥാനാർത്ഥി സി.പി.പ്രമോദ്. മന്ത്രി എ.കെ. ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ്. പി.എ. മുഹമ്മദ് റിയാസാണ് ബേപ്പൂരിലെ സ്ഥാനാർത്ഥി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണ് ഭാര്യ.
എൽഡിഎഫ് സീറ്റ് വിഭജനം.... ഓരോ കക്ഷിയും മത്സരിക്കുന്ന സീറ്റുകളും ബ്രാക്കറ്റിൽ 2016 ൽ മത്സരിച്ച സീറ്റും.
സിപിഎം: 85 (92)
സിപിഐ: 25 (27)
കേരള കോൺഗ്രസ് (എം): 13 (പുതിയ കക്ഷി)
ജനതാദൾ(എസ്): 4 (5)
എൻസിപി: 3 (4)
ഐഎൻഎൽ: 3 (4)
എൽജെഡി: 3 തിരിച്ചു വന്ന കക്ഷി)
കോൺഗ്രസ്(എസ്): 1 (1)
ജനാധിപത്യ കേരള കോൺഗ്രസ്: 1 (4)
കേരള കോൺഗ്രസ്(ബി): 1 (1)
ആർഎസ്‌പി(ലെനിനിസ്റ്റ്): 1 (1)
കേരള കോൺഗ്രസ്(സ്‌കറിയ തോമസ്: 0 (1)
മറുനാടന് മലയാളി ബ്യൂറോ