തിരുവനന്തപുരം: വോട്ടർമാർ അന്യസംസ്ഥാനങ്ങളിലായി പോയാൽ സ്ഥാനാർത്ഥികളും പാർട്ടികളും എന്തു ചെയ്യും. അന്യനാടുകളിൽ ജോലി ചെയ്യുന്ന ടെക്കികളെയും മറ്റ് പ്രൊഫഷണലുകളെയും വോട്ടുള്ള വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടികൾ. ആദ്യഘട്ടവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മെട്രോനഗരങ്ങളിലെ 'ടെക്കി' വോട്ടുകൾ ഉറപ്പിക്കാൻ നാട്ടിലേക്കുള്ള ഫ്‌ളൈറ്റ്, ട്രെയിൻ, ബസ് ടിക്കറ്റുകൾ ഓഫർ ചെയ്യുകയാണ് പാർട്ടികളും സ്ഥാനാർത്ഥികളും. ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് പാർട്ടികളുടെ വക ട്രെയിൻ ടിക്കറ്റും ബസ് ടിക്കറ്റും. ആദ്യഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന ജില്ലകളുടെ പുറത്ത് ജോലി ചെയ്യുന്നവർക്കും 'ട്രാവൽ അലവൻസ'് പാർട്ടികൾ ഓഫർ ചെയ്തിട്ടുണ്ട്.

പാർട്ടിക്ക് ഏറെ പ്രതീക്ഷയുള്ള യുവജനങ്ങളാണ് സംസ്ഥാനത്ത് വെളിയിലുള്ളതിനാൽ ഏതു വിധേനെയും ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ്. ഈ അവസരം മുതലെടുത്ത് ചില വിരുതന്മാർ സെക്കന്റ് എസിയിലും മൾട്ടി ആക്‌സിൽ വോൾവോ ബസിലും മാത്രമെ ടിക്കറ്റുള്ളൂ എന്ന് അറിയച്ചതോടെ സ്ഥാനാർത്ഥികളും പുലിവാല് പിടിച്ചു. രണ്ടായിരം മുതൽ 2800 രൂപ വരെയാണ് ബാംഗ്ലൂരിൽ നിന്ന് മൾട്ടി ആക്‌സിൽ ബസിൽ ഒരു ടിക്കറ്റിന് ഈടാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരോ വോട്ട് നിർണായകമായതിനാലാണ് രണ്ടും കൽപിച്ച് ടെക്കികളെയും വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാനുള്ള പാർട്ടികളുടെ ശ്രമം. തങ്ങൾക്ക് ഉറപ്പായിട്ടും ലഭിക്കുമെന്നുള്ള വോട്ടുകൾക്കാണ് ഈ ഓഫർ. കുടുംബസമേതമുള്ള ടിക്കറ്റുകളും പാർട്ടികൾ വച്ച് നീട്ടിയിട്ടുണ്ട്. ചെലവില്ലാതെ നാട്ടിലൊന്നു പോയി വരാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇന്ന് വൈകിട്ട് ബാംഗ്ലൂരിൽ നിന്നും, ചെന്നൈയിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ സീറ്റുകൾ ഒഴിവില്ല. ഇവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലും ഒഴിവില്ല. പ്രചാരണത്തിന്റെ തുടക്കത്തിൽ് തന്നെ നാട്ടിലിൽ ഇല്ലാത്ത വോട്ടർമാരുടെ ഫോൺനമ്പരുടെ പാർട്ടികൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഈ നമ്പരുകളിൽ വിളിച്ച് വോട്ടിനെത്താനുള്ള സൗകര്യം ചോദിക്കും. ' ശമ്പളം അഞ്ചാം തീയതി കഴിഞ്ഞെ കിട്ടൂ, അതു കൊണ്ട് വരാൻ പറ്റില്ല എന്നാണ് പലരുടേയും മറുപടിയെന്ന് തെക്കൻ കേരളത്തിലെ ഒരു സ്ഥാനാർത്ഥി വ്യക്തമാക്കുന്നു.

പിന്നീടാണ് ഇവർക്കുള്ള ടിക്കറ്റ് റെഡിയാക്കാമെന്ന് പറയുന്നത്. വോട്ടെടുപ്പിന്റെ തിരക്കായതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമില്ലാത്തതിനാൽ പണം അക്കൗണ്ടിലിട്ടു കൊടുക്കുകയും ചെയ്യുന്നവരും ഉണ്ട്. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ടെക്കികൾക്ക് ഫ്‌ളൈറ്റ് ടിക്കറ്റാണ് ഓഫർ. പലരും ഇത് മുൻകൂട്ടി കാണാത്തതു കൊണ്ട് പലരുടെയും പോക്കറ്റ് കാര്യമായ രീതിയിൽ കാലിയാകുന്നുണ്ട്. ഈ ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ അടുത്ത ഘട്ടത്തിലെ വോട്ടെടുപ്പിന് നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് വോട്ടർമാരുടെ 'ഡിമാൻഡ്' ഒഴിവാക്കാനാണ് നീക്കം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിക്ക് ഫ്‌ളൈറ്റ് ടിക്കറ്റാണ് സ്ഥാനാർത്ഥി ഓഫർ ചെയ്തത്.

സീറ്റ് കൊടുക്കാത്തിതിനെ തുടർന്ന് വിമതയായി മൽസരിക്കുന്ന ഈ സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായതിനാലാണ് ഫ്‌ളൈറ്റ് ടിക്കറ്റ് എങ്കിൽ ഫ്‌ളൈറ്റ് ടിക്കറ്റ് എന്ന് സമ്മതിക്കേണ്ടി വന്നത്. ' എന്റെ അച്ഛന്റെ കൈയിൽ നിന്നാണ് നമ്പർ എടുത്തത്. ഇന്ന് രാവിലെ വിളിച്ച് വോട്ട് ചെയ്യാൻ എത്തണമെന്ന് ആവശ്യപ്പെട്ടു. ലീവില്ലെന്ന് പറഞ്ഞെങ്കിലും സ്ഥാനാർത്ഥി ചെവിക്കൊണ്ടില്ല. നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തു തരാമെന്ന് പറഞ്ഞു. ഞാൻ കരുതി വോട്ടു കിട്ടാനുള്ള തന്ത്രമാണെന്ന്. ഉച്ച കഴിഞ്ഞപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് ഇമെയിൽ വഴി അയച്ചു തരാമെന്നും പറഞ്ഞ് നാട്ടിലെ ട്രാവൽ ഏജൻസിയിൽ നിന്നും വിളിച്ചു പറഞ്ഞു'തോടെ സ്ഥാനാർത്ഥിയുടെ ചെലവിൽ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് ഇൻഫോസിസ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അനീഷ്. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ വോട്ടുകൾ നാട്ടിലെത്തിക്കാനുള്ള ഓട്ടപ്പാച്ചിലാണ് അവസനാമണിക്കൂറുകളിൽ നടത്തുന്നത്.

സമാന അനുഭവമാണ് അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും പങ്ക് വയ്ക്കാനുള്ളത്. പഞ്ചായത്തുകളിൽ മൽസരിക്കുന്ന പലരും വ്യക്തിപരമായി അടുപ്പമുള്ളതിനാൽ ഇവരുടെ അപേക്ഷ തള്ളിക്കളയാനും കഴിയുന്നില്ല. ഇതിൽ നിന്ന തടിതപ്പാനാണ് ശമ്പളം കിട്ടിയില്ല, ടിക്കറ്റില്ല എന്നൊക്കെ ഒഴിവുകഴിവുകൾ പറയുന്നത്. എന്നാൽ ഫ്‌ളൈറ്റ് ടിക്കറ്റും, സെക്കന്റ് എസി ടിക്കറ്റും മൾട്ടി ആക്‌സിൽ ബസ് ടിക്കറ്റും ഉറപ്പു തരുന്നതോടെ മറ്റൊന്നും പറയാനില്ലാത്ത അവസ്ഥയാണ്. നാട്ടിലേക്കുള്ള ടിക്കറ്റുകൾ മാത്രമാണ് പലരും ഓഫർ നൽകുന്നത്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രടിക്കറ്റുകൾ തട്ടിക്കൂട്ടിയവരും ഉണ്ട്. പഞ്ചായത്ത് തെരഞ്ഞടുപ്പിനോടനുബന്ധിച്ച് വാർഡുകളിലും മറ്റും ഉണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് ചിലർക്ക് വിനയായത്.

'ഒരേ വാർഡിൽ മൽസരിക്കുന്ന രണ്ട് സുഹൃത്തുക്കളും ടിക്കറ്റും 'മറ്റ്' ചെലവുകളും ഓഫർ ചെയ്തിട്ടുണ്ട്. ആർക്ക് വോട്ടും ചെയ്യും എന്ന കൺഫ്യൂഷനിലാണ് ചെന്നൈയിൽ ജോലി ചെയ്യുന്ന അരുൺ മോഹൻ എന്ന ടെക്കിയുടേത്. വോട്ടു ചെയ്യാതിരിക്കാനുള്ള തന്ത്രങ്ങളൊന്നും പയറ്റി വിജയിക്കാതെ വന്നതോടെ ഇന്നു വൈകിട്ട് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ബസിൽ സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. ടിക്കറ്റിനുള്ള പണം രണ്ടു പേരുടേയും കയ്യിൽ നിന്ന് വാങ്ങാൻ പറ്റില്ല. രണ്ടു പേരും സുഹൃത്തുക്കൾ ആയതിനാൽ ഒരാളിൽ നിന്ന് വാങ്ങിയാൽ മറ്റേ സുഹൃത്തിനോട് ചെയ്യുന്നത് നീതികേടാകും. അപ്പോൾ തോന്നുന്ന ഒരാൾക്ക് അങ്ങു ചെയ്യും അത്ര തന്നെ'. പഞ്ചായത്ത് വാർഡുകളിൽ വാശിയേറിയ മൽസരമായതിനാൽ ഉപേക്ഷകുറ്റം കൊണ്ട് ഒരു വോട്ട് പോലും പാഴാകാതെയുള്ള തന്ത്രങ്ങളാണ് പാർട്ടികളും സ്ഥാനാർത്ഥികളും മെനയുന്നത്.