തിരുവനന്തപുരം: മൂക്കിന്റെ പാലത്തിന് ഉണ്ടായ ചെറിയ വളവ് ശരിയാക്കാൻ മൈനർ ശസ്ത്രക്രിയക്കായി കൊല്ലം മെഡിട്രീന ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ എൻജിനീയർക്ക് ആശുപത്രിക്കാരുടെ പിഴവിനെ തുടർന്ന് ദാരുണാന്ത്യം. ശ്രീകാര്യം ശാന്തി നഗർ അശ്വതി ഭവനിൽ ജയകുമാറിന്റെയും ഗീതയുടെയും മകനായ സൂരജ് ജയകുമാർ (കിച്ചു, 27) ആണ് മരിച്ചത്. ടെക്‌നോപാർക്കിൽ സ്‌പെരികോൺ ടെക്‌നോളജി എന്ന സോഫ്റ്റ് വെയർ കമ്പനിയിൽ കമ്പ്യൂട്ടർ എൻജിനീയറായ സൂരജിന്റെ ജീവനാണ് ആശുപത്രിയുടെ പിഴവിൽ നഷ്ടപ്പെട്ടത്.

ആശുപത്രിക്കാരുടെ പിഴവാണെന്ന് ഉത്തമ ബോധ്യമുള്ളതിനാൽ ബന്ധുക്കൾ ഇരവിപുരം പൊലീസിൽ മെഡിട്രീന ആശുപത്രിക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 27നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി സൂരജിനെ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂർ മാത്രം മതിയെന്ന് വ്യക്തമാക്കി ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയ യുവാവിനെ മണിക്കൂറുകൾ പിന്നിട്ടിട്ടും പുറത്തുകൊണ്ടുവരാത്തത് കണ്ടതോടെ അന്വേഷിച്ചപ്പോഴാണ് നിലമോശമായെന്ന വിവരം ലഭിക്കുന്നത്. ഓക്‌സിജൻ ലഭ്യമാകാതെ തലച്ചോറിന്റെ പ്രവർത്തനം അരമണിക്കൂർ നിലച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു.

എന്നാൽ ഈ വിവരം മറച്ചുവച്ച് ആശുപത്രിക്കാർ പിറ്റേന്നും അവിടെത്തന്നെ കിടത്തി. ബന്ധുക്കൾ മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. പിന്നീട് മാർച്ച് ഒന്നിന് യുവാവിനെ ബന്ധുക്കൾ ഇടപെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് നടന്ന പരിശോധനയിൽ ആണ് യുവാവ് ഏതാണ്ട് മസ്തിഷ്‌കമരണം സംഭവിച്ച അവസ്ഥയിലാണെന്നും ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റൊരു അവയവവും പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമായത്. കിംസ് അധികൃതരുടെ നിർദ്ദേശ പ്രകാരം യുവാവിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജിൽ നടന്ന ശ്രമങ്ങളും വിഫലമായതോടെ ബുധനാഴ്ച രാവിലെ ഒമ്പതരയോടെ യുവാവിന്റെ മരണം സ്ഥിരീകരിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഇടയ്ക്കുണ്ടായ ചികിത്സാ പിഴവുമൂലമാണ് സൂരജ് ജയകുമാർ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്‌കരിക്കും. ഇതിനിടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആർഡിഒയും ഇൻക്വസ്റ്റിനായി സ്ഥലത്തെത്തി.

സംഭവത്തോടെ വ്യാപകമായ പ്രതിഷേധമാണ് മെഡിട്രീന ആശുപത്രിക്ക് എതിരെ ഉയരുന്നത്. തലസ്ഥാനത്ത് തന്നെ ഏതെങ്കിലും ആശുപത്രിയിൽ ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞെങ്കിലും ബന്ധുകൂടിയായ മെഡിട്രീനയിലെ ഡോക്ടർ ഇടപെട്ട് പ്‌ളാസ്റ്റിക് സർജറി നടത്താമെന്ന് പറഞ്ഞ് കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. നാട്ടിലും ടെക്‌നോപാർക്കിലും ഏവർക്കും പ്രിയങ്കരനായിരുന്നു സൂരജ്. ആ യുവാവിന് ഇത്തരത്തിൽ ഒരു മരണം നേരിട്ടത് ആർക്കും വിശ്വസിക്കാനാവുന്നില്ല. കുറ്റക്കാരായ ആശുപത്രിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർ്ട്ടവും നടത്തണമെന്നും പറഞ്ഞ് ശ്രീകാര്യം ജനകീയവേദി പ്രവർത്തകരും രംഗത്തെത്തി.

സംഭവത്തെ പറ്റി ബന്ധുക്കൾ പറയുന്നത് ഇങ്ങനെ:

ചെറുപ്പത്തിൽ സൂരജിന് മൂക്കിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ മൂക്കിന് ചെറിയൊരു വളവുപോലെ ഉണ്ടായതോടെ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇപ്പോൾ വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. അതിന് മുമ്പ് മൂക്കിന്റെ പ്രശ്‌നം പരിഹരിണമെന്ന് സൂരജ് പറഞ്ഞിരുന്നു. അങ്ങനെയാണ് അച്ഛന്റെ കസിന്റെ മരുമകൻ കൂടിയായ മെഡിട്രീനയിലെ ഡോക്ടർ അനൂപിനെ കാണുന്നത്. അദ്ദേഹമാണ് മെഡിട്രീനയിൽ ഹാജരാകാമെന്നും അവിടെ പ്‌ളാസ്റ്റിക് സർജറി നടത്തി വളവ് മാറ്റാമെന്നും നിർദ്ദേശിച്ചത്. ഒരു മണിക്കൂർ നേരത്തെ കാര്യമേയുള്ളൂ എന്ന് പറഞ്ഞതോടെ അവിടെ ശസ്ത്രക്രിയക്ക് തയ്യാറായി ഇവർ 26ന് കൊല്ലത്തേക്ക് പോയി അഡ്‌മിറ്റായി. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സർജറിക്ക് കയറ്റി. ഡോ. അനൂപിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു ശസ്ത്രക്രിയ. എട്ടൊമ്പത് മണിക്കൂർ പിന്നിട്ടിട്ടും വിവരമൊന്നും വന്നില്ല. ഇതിനിടെ ഡോക്ടർ പുറത്തുവന്ന് നില മോശമാണെന്ന് അറിയിക്കുകയായിരുന്നു.

സൂരജ് ശസ്ത്രക്രിയക്കിടെ ഓക്‌സിജൻ മാസ്‌ക് വലിച്ചൂരിയെന്നാണ് ആശുപത്രി നൽകിയ വിശദീകരണം. പിറ്റേന്നും അവിടെതന്നെ തുടരുകയും നില മെച്ചപ്പെട്ടതായി വിവരം കിട്ടാതാവുകയും ചെയ്തതോടെ ബന്ധുക്കൾ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ മെഡിട്രീനക്കാർ അതിന് സമ്മതിച്ചില്ല. പിറ്റേന്ന് മാർച്ച് ഒന്നിന് ബന്ധുക്കൾ നിർബന്ധിച്ച് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. ഇവിടെയെത്തി എംആർഐ സ്‌കാൻ ഉൾപ്പെടെ ചെയ്തപ്പോഴാണ് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായും അരമണിക്കൂറോളം തലച്ചോറിലേക്ക് ഓക്‌സിജൻ എത്താതിരുന്നതോടെ സംഭവിച്ചതാണ് ഇതെന്നും മനസ്സിലായത്. ഹൈപ്പോതലാമസ് മാത്രമേ അപ്പോൾ പ്രവർത്തിച്ചിരുന്നുള്ളൂ.

ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റ് ആന്തരികാവയവങ്ങൾ പ്രവർത്തനം നിലച്ച് അണുബാധയുണ്ടാവുന്ന നിലയിൽ എത്തിയിരുന്നു. കിംസ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ കോളേജിൽ സൂരജിനെ പ്രവേശിപ്പിക്കുന്നത്. എന്നാൽ പിന്നീട് ഇവിടെ നടത്തിയ ചികിത്സയും തുണയായില്ല. ഇന്നലെ രാവിലെ സൂരജ് വിടപറഞ്ഞു. ആശുപത്രിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ യുവാവിന്റെ ജീവനെടുത്തത് എന്ന് വ്യക്തമായതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്.