ടി ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ മലയാളം പള്ളിക്കൂടം ടെക്‌നോപാർക്കിൽ ആരംഭിച്ചു . 60 -ഓളം കുട്ടികളാണ് പള്ളിക്കൂടത്തിലേയ്ക്ക് എത്തിച്ചേർന്നത്. ഒക്ടോബർ 8 നു ഉച്ചയ്ക്ക് 2 മണിക്ക് ടെക്‌നോപാർക്ക് ക്ലബ് ഹൗ സിൽ വച്ച്, മലയാളത്തിന്റെ പ്രിയകവി മധുസൂദനൻ നായർ അധ്യക്ഷനായ പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളസിനിമയുടെ സംവിധാന കുലപതി അടൂർ ഗോപാലകൃഷ്ണൻ പള്ളിക്കൂടം നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഡോ.അച്യുത് ശങ്കർ എസ് നായർ , കേരള ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐ എ എസ് , മേയർ വി.കെ. പ്രശാന്ത്, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, വട്ടപ്പറമ്പിൽ പീതാംബരൻ സാർ, ആർട്ടിസ്‌റ് നാരായണ ഭട്ടതിരി, ഡോ.അച്യുത് ശങ്കർ എസ് നായർ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ ചടങ്ങിലെ നിറസാന്നിധ്യമായി.

ടെക്‌നോപാർക്കിലെയും പുറത്തെയും നിരവധി ജീവനക്കാർ കുട്ടികളെയും കൂട്ടി കുടുംബ സമേതമാണ് പള്ളിക്കൂടത്തിലെത്തിയത് .തേങ്ങാപ്പൂളും കൽക്കണ്ടവും മധുരമായി നൽകി , പ്ലാവിളത്തൊപ്പി അണിയിച്ചാണ് കുട്ടികളെ പ്രതിധ്വനിയും പള്ളിക്കൂടവുംഎതിരേറ്റത് . കേരളത്തിന്റെ നാട്ടുഗന്ധങ്ങളെ പരിചയപ്പെടുത്താൻ നിരവധി നാടൻ ചെടികളെയും പ്രദർശിപ്പിച്ചിരുന്നു.മലയാളം പള്ളിക്കൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പള്ളിക്കൂടം കാര്യദർശി ജെസ്സി നാരായണൻ സദസ്സിനോട് സംസാരിച്ചു.

പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം മീര എം. എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എം ടി വാസുദേവൻ നായർ പള്ളിക്കൂടത്തിനായി തയ്യാറാക്കിയ ഭാഷാപ്രതിഞ്ജ, പ്രമുഖ അദ്ധ്യാപകൻ വട്ടപ്പറമ്പിൽപീതാംബരം സാർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു .അടൂർ ഗോപാലകൃഷ്ണൻ പള്ളിക്കൂടം ഉദ്ഘാടനം ചെയ്യുകയും തുടർന്ന് മധുസൂദനൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ഡോ.അച്യുത് ശങ്കർ എസ് നായർ, എം ശിവശങ്കർ ഐ എ എസ്, സുരേഷ് വെള്ളിമംഗലം, വട്ടപ്പറമ്പിൽപീതാംബരൻ എന്നിവർ വെറ്റിലയും വെള്ളിനാണയവും ഗുരുദക്ഷിണ സ്വീകരിച്ചു കുട്ടികളെ മണലിൽ ഹരിശ്രീ കുറിപ്പിച്ചു.

കുട്ടികൾക്കെല്ലാം സ്‌ളേറ്റും മഷിത്തണ്ടും പ്രിയകവി ഒ എൻ വി കുറുപ്പിന്റെ കയ്യൊപ്പോടു കൂടിയ അക്ഷര കലണ്ടറും സമ്മാനമായി നൽകി. പ്രശസ്ത കാലിഗ്രാഫി ആർട്ടിസ്‌റ് നാരായണ ഭട്ടതിരി ഓരോ കുട്ടികൾക്കും അവരുടെ പേരുകൾ മനോഹരമായി വെള്ളക്കടലാസിൽ തത്സമയം വരച്ചു നൽകി. നാട്ടുമൊഴികളും പാട്ടുകളുമായി വിശിഷ്ടാതിഥികളും കുഞ്ഞുങ്ങൾക്കൊപ്പം ചേർന്നു .

പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം സതീഷ് കുമാർ നന്ദി പ്രസംഗം നടത്തി. ഇനി വരുന്ന എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്ലാസുകൾ നടക്കുന്നത്.