- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധിയിലും വാടക ഇളവില്ല; മുപ്പതോളം കമ്പനികൾ ടെക്നോപാർക്ക് വിട്ടു; പതിനഞ്ചോളം കമ്പനികൾ ഭാഗികമായി പുറത്തുപോകും; പ്രതിസന്ധി കാലത്തും ഇരുട്ടടിയായി വാടകയിനത്തിൽ വാർഷിക വർദ്ധനവും; മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും വാടക ഇളവില്ലാത്തതിനെ തുടർന്ന് ഐടി കമ്പനികൾ ടെക്‌നോപാർക്ക് വിടുന്നു. ഒരു വർഷത്തിൽ കൂടുതലായി ഓഫീസ് സൗകര്യങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത ചെറുകിട ഐടി കമ്പനികളാണ് ടെക്നോപാർക്ക് വിടുന്നത്. കഴിഞ്ഞ ഒരു വർഷമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആണ്. ഓഫീസ് തുറക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ വാടക ഇനത്തിൽ ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക മാത്രമാണ് ഇളവ് ചെയ്ത് നൽകിയത്. അതിന് ശേഷം ഐടി ഇതര കമ്പനികൾക്ക് വാടക ഇളവ് ചെയ്ത് നൽകിയെങ്കിലും ഐടി കമ്പനികളെ അവഗണിച്ചു.
സർക്കാർപാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വരയായി. പ്രതിവർഷം അഞ്ച് ശതമാനം വാടകവർദ്ധനവ് എന്ന നയത്തിലും മാറ്റമുണ്ടായില്ല. സ്റ്റാർട്ടപ്പുകൾ അടക്കമുള്ള ഐടി കമ്പനികളുടെ പ്രതിസന്ധി പോലും കണക്കാക്കാതെ ഈ വർഷവും വാടകഇനത്തിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പുതിയ വാടക നിലവിൽ വന്നു. കോവിഡിന്റെ രണ്ടാം തരംഗം കൂടി ആയതോടെ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സ്ഥിരം സംവിധാനമാകുന്ന അവസ്ഥയാണുള്ളത്. ജീവനക്കാർ വരാത്ത ചെറുകിട ഐടി കമ്പനികളുടെ വാടകയും മെയിന്റെയ്ൻസ് ചാർജും സ്ഥാപനങ്ങൾക്ക് താങ്ങാനാകാത്ത അവസ്ഥയാണുള്ളത്.
കോവിഡ് കാലത്ത് കമ്പനികൾക്ക് വരുമാനം ഏറെക്കുറെ നിലച്ച മട്ടാണ്. ലോകത്താകമാനമുള്ള ഐടി രംഗം സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ സബ് കോൺട്രാക്ടുകളും ലഭിക്കുന്നില്ല. ജീവനക്കാരുടെ ശമ്പളം പോലും പകുതിയായി വെട്ടികുറച്ചിരിക്കുന്ന സ്ഥാപനങ്ങളോടാണ് കൂടുതൽ വാടക അടയ്ക്കാൻ സർക്കാർ ആവശ്യപ്പെടുന്നത്.
ഓഫീസ് ചെലവ് താങ്ങാനാകാതെ മുപ്പതോളം കമ്പനികൾ നിലവിൽ ടെക്‌നോപാർക്കിൽ നിന്നും പോയിക്കഴിഞ്ഞു. പതിനഞ്ചോളം കമ്പനികൾ ഓഫീസ് അഡ്രസിന് വേണ്ടി ചെറിയൊരു സ്‌പേസ് മാത്രമാക്കി ചുരുക്കി ബാക്കി സ്ഥലം ഒഴിയാൻ അപേക്ഷ നൽകിയിട്ടുണ്ട്.
ടെക്‌നോപാർക്കിലെ വാടകയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി കൂടുതൽ കാലം കൂടുതൽ കൂടുതൽ കമ്പനികൾ ടെക്‌നോപാർക്ക് വിട്ടേയ്ക്കും എന്ന ആശങ്കയും അവർക്കുണ്ട്. ഈ പ്രശ്‌നത്തിൽ കൃത്യമായി ഇടപെടാൻ സർക്കാർ തയ്യാറാകുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ