പെൻസിൽവാനിയ: സഹപാഠിയെ വെടിവച്ചു കൊന്ന ടീനേജുകാരൻ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുത്ത് സുഹൃത്തുക്കൾക്ക് പോസ്റ്റ് ചെയ്തു. ജീനറ്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ പതിനാറുകാരൻ മാക്‌സ്വെൽ മാരിയോൺ മോർട്ടൺ ആണ് തന്റെ സഹപാഠിയായ റയാൻ മാംഗനെ മുഖത്ത് വെടിവച്ചു കൊന്നത്. പിറ്റ്‌സ്ബർഗിന്റെ പ്രാന്തപ്രദേശത്തുള്ള ജീനെറ്റിലെ റയാന്റെ വീട്ടിൽ വച്ചാണ് മാക്‌സ്വെൽ കൊലനടത്തുന്നത്.

റയാനെ വെടിവച്ചു കൊന്ന ശേഷം മൃതദേഹം കസേരയിലിരുത്തി മാക്‌സ്വെൽ സെൽഫി എടുത്ത് സ്‌നാപ്ചാറ്റിലൂടെ മറ്റൊരു സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം സ്‌നാപ് ചാറ്റ് മെസേജ് അപ്രത്യക്ഷമായെങ്കിലും മെസേജ് ലഭിച്ച ആൺകുട്ടി അത് ഫോണിൽ സേവ് ചെയ്തിരുന്നു. പിന്നീട് കുട്ടി അമ്മയെ കാണിച്ചുകൊടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. സുഹൃത്തിന്റെ അമ്മ ഇക്കാര്യം അറിയിച്ചുകൊണ്ട് പൊലീസിന് ഫോൺ ചെയ്യുകയായിരുന്നു.

അതേസമയം പുറത്തുപോയിരിക്കുകയായിരുന്ന റയാന്റെ അമ്മ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ മകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റയാന്റെ വീട്ടിൽ എത്തിയ പൊലീസ് ഒമ്പത് എംഎം ഹാൻഡ് ഗൺ കണ്ടെടുത്തിട്ടുണ്ട്. താനാണ് റയാനെ കൊന്നതെന്ന് മാക്‌സ്വെൽ സമ്മതിച്ചിട്ടുമുണ്ട്.

കൊലപാതകം, തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ മാക്‌സ്വെല്ലിനു മേൽ ചുമത്തിയിട്ടുണ്ട്.