ന്യൂയോർക്ക്: ടീനേജ് പെൺകുട്ടികൾക്കിടയിൽ അടിയന്തിര ഗർഭനിരോധന ഗുളികളുടെ (morning after pill) ഉപയോഗം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അഞ്ചിൽ ഒരു പെൺകുട്ടി എന്ന തോതിൽ ഇത്തരം ഗർഭനിരോധന ഗുളികകൾ വാങ്ങുന്നുണ്ടെന്നാണ് കണക്ക്.

പത്തു വർഷം മുമ്പ് 12 പെൺകുട്ടികളിൽ ഒരാൾ എന്ന നിലയ്ക്കാണ് ഇത്തരം ഗുളികകൾ വാങ്ങിയിരുന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത് ലഭ്യമാണെന്നതിനാൽ മിക്ക ടീനേജുകാരും ഗർഭനിരോധനമാർഗമായി ഇത്തരം ഗുളികകളെയാണ് ആശ്രയിക്കുന്നത്. ടീനേജുകാരിൽ ഇത്തരം ഗുളികകളുടെ ഉപയോഗം വർധിച്ചതിനെക്കുറഇച്ച് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ആണ് സർവേ നടത്തിയത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ടീനേജുകാർക്കിടയിൽ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതിൽ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. അനാവശ്യ ഗർഭം ഒഴിവാക്കുന്നതിനായി മികച്ച മാർഗമെന്ന നിലയിൽ ടീനേജുകാർ ആശ്രയിക്കുന്നത് ഗർഭനിരോധന ഗുളികകളെയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനു ശേഷം 72 മണിക്കൂറിനുള്ളിൽ ഗുളിക കഴിച്ചാൽ ഗർഭിണിയാകാനുള്ള ചാൻസ് 90 ശതമാനവും ഇല്ലാതാക്കുമെന്നതാണ് ഇത്തരം ഗുളികകളെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.

എന്നാൽ ഇത്തരം morning after pills-ൽ സാധാരണ ഗർഭനിരോധന ഗുളികകളിൽ അടങ്ങിയിരിക്കുന്നതിനെക്കാൾ കൂടിയ അളവിൽ സ്ത്രീ ഹോർമോണായ പ്രൊജസ്റ്റിൻ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2006-മുതൽ ഇത്തരം ഗർഭനിരോധന ഗുളികകൾ 18 വയസിനു മുകളിലുള്ളവർക്ക് ഫാർമസികളിൽ നിന്ന് നേരിട്ടു വാങ്ങാം. എന്നാൽ രണ്ടു വർഷം മുമ്പ് പ്രായപരിധി എടുത്തുകളഞ്ഞതോടെ ടീനേജുകാർക്ക് എളുപ്പത്തിൽ ഇവ ലഭ്യമാകുന്ന സാഹചര്യവും ഉടലെടുത്തിരിക്കുകയാണ്. 35 ഡോളർ മുതൽ 50 ഡോളർ വരെയാണ് ഇത്തരം morning after pills-ന്റെ വില.

ടീനേജുകാർക്കിടയിലുള്ള ലൈംഗിക ബന്ധം കുറഞ്ഞതും ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വർധിച്ചതുമെല്ലാം ടീനേജുകാർക്കിടയിലുള്ള പ്രസവനിരക്ക് കുറയാൻ കാരണമായെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.